IBC- Complete Business News in Malayalam
Breaking news  
24 February 2018 Saturday
 
 
 

തൊടുപുഴയില്‍ കുടുംബശ്രീ ഭക്ഷ്യമേള ആരംഭിച്ചു

 

തൊടുപുഴ : പ്ലാവിലക്കുമ്പിള്‍ കൂട്ടി കഞ്ഞി കോരിക്കുടിച്ച പോയകാലത്തിന്റെ ഓര്‍മകളിലേയ്ക്ക് നയിച്ച് കുടുംബശ്രീയുടെ എത്‌നിക് ഭക്ഷ്യമേളയ്ക്ക്  തൊടുപുഴ ലിസ് ഗ്രൗണ്ടിന് സമീപം തുടക്കം. ആരോഗ്യസംരക്ഷണത്തിന്റെ മാസമായ കര്‍ക്കടകത്തില്‍ ചിട്ടയായ ജീവിത ശൈലിയിലൂടേയും ഭക്ഷണത്തിലൂടേയും ശരീരത്തെയും മനസിനെയും കരുത്താര്‍ജ്ജിപ്പിക്കുകയെന്നതാണ് ഈ ഫുഡ് ഫെസ്റ്റ് ഒരുക്കുന്നതിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 

 

കര്‍ക്കിടകത്തിലെ ഭക്ഷണ ശീലത്തിലൂടെ ഒരു വര്‍ഷത്തേക്ക് രോഗപ്രതിരോധ ശേഷിയും ശരീരബലവും കൈവരിക്കാന്‍ കഴിയുമെന്നാണ് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നത്. എന്നാല്‍, തിരക്കേറിയ ദൈനംദിന ജീവിതത്തില്‍ ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയുള്ള ആരോഗ്യസംരക്ഷണ കാര്യങ്ങളില്‍  ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയാറില്ല.  ഈ സാഹചര്യത്തിലാണ് കുടുംബശ്രീ പരമ്പരാഗത തനിമ നേരുന്ന ഭക്ഷ്യമേളയുമായി രംഗത്തെത്തിയത്. 

 

കര്‍ക്കിടകമാസത്തെ പ്രധാന വിഭവങ്ങളായ പത്തിനം ഔഷധക്കഞ്ഞികള്‍ (പൊടിയരിക്കഞ്ഞി, ജീരകക്കഞ്ഞി, പാല്‍ക്കഞ്ഞി, ഓട്‌സ്‌കഞ്ഞി, നവരക്കഞ്ഞി, ഉലുവാക്കഞ്ഞി, നെയ്ക്കഞ്ഞി, ഗോതമ്പ് കഞ്ഞി, ദശപുഷ്പക്കഞ്ഞി) പത്തിലക്കറികള്‍, ഔഷധ ചമ്മന്തികള്‍, കര്‍ക്കിടക മരുന്നുണ്ട്, വിവിധതരം സൂപ്പുകള്‍, അടകള്‍, ചുക്ക് കാപ്പി തുടങ്ങിയവ ഫെസ്റ്റിലുണ്ട്. നാടന്‍ വിഭവങ്ങളായ ചെണ്ടന്‍ കപ്പയും കാന്താരിമുളകും കഴിക്കാനെത്തിയവരേറെ. 

തൊടുപുഴ സുല്‍ത്താന, മണക്കാട് ഉദയം, കുടയത്തൂര്‍ അന്നപൂര്‍ണ, വാഴത്തോപ്പ് അനുഗ്രഹ എന്നീ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളാണ് മേളയില്‍ ഭക്ഷണവിഭവങ്ങളൊരുക്കുന്നത്. മസാല ദോശ, തട്ടികുട്ടി ദോശ, നെയ്‌റോസ്റ്റ്, ഊത്തപ്പം എന്നിവയും മേളയിലുണ്ട്. ഇതോടൊപ്പം കുടുംബശ്രീ വിപണനമേളയും നടക്കുന്നു. 14 നാണ് സമാപനം. 

 

 

 

 

 

Share/Save
 
© Copyright 2010 ibclive.in. All rights reserved.