തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും കർശന നിയന്ത്രണങ്ങൾ. ഡിസംബർ 16 മുതൽ ഡിസംബർ 22 വരെ സിആർപിസി സെക്ഷൻ 144 പ്രകാരമാണ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ.
നിബന്ധനകൾ:
രാത്രി എട്ട് മണി മുതൽ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകൾ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങൾ, മുതലായവ അനുവദനീയമല്ല.
രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാൻ പാടില്ല.
തുറന്ന വാഹനങ്ങൾ അനുവദനീയമായ ശബ്ദത്തിൽ കൂടുതൽ ഉള്ള ഉച്ചഭാഷിണി പകൽ സമയത്തും ഉപയോഗിക്കുവാൻ പാടില്ല.
പകൽസമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100ൽ കൂടുതൽ ആളുകൾ പങ്കെടുക്കുവാൻ പാടില്ല. ഈ പരിപാടികളിൽ സർക്കാർ നിർദേശിച്ചിട്ടുള്ള കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാർത്ഥികൾ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാൻ പാടില്ല.
കോഴിക്കോട് അഞ്ചിടത്താണ് നിരോധനാജ്ഞ. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബർ 17ന് വൈകീട്ട് വരെയാണ് കോഴിക്കോട്ടെ നിരോധനാജ്ഞ.
വോട്ടെണ്ണൽ കേന്ദ്രത്തിൻറെ 500 മീറ്റർ പരിധിയിൽ കൂട്ടംകൂടാൻ പാടില്ല. വാർഡുകളിലും മുൻസിപ്പാലിറ്റിയിലും അതത് പരിധിയിൽ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London