പ്ലസ്ടുവും പഠനത്തിരക്കും കഴിഞ്ഞതോടെ വാഹനക്കമ്പക്കാരനായ പതിനെട്ടുകാരനെ അവന്റെ പാട്ടിനുവിട്ടപ്പോള് ഉണ്ടായതു കാലങ്ങളായി സ്വപ്നംകണ്ട ഒരു നാലുചക്ര വാഹനം. അതും നിരത്തിലോടുന്ന കാറുകളുടെ സാങ്കേതികവിദ്യക്കു തുല്യമായത്. അധ്യാപകരായ അങ്ങാടി പ്പുറം പരിയാപുരം കൊടശേരി സെയ്തലവി-റജീന ദമ്പതികളുടെ മകന് മുഹമ്മദ് ഷിബിന്‍ ആണ് 20 ദിവസം കൊണ്ട് തന്റെ ആഗ്രഹത്തിനനുസരിച്ചൊരു നാലുചക്ര വാഹനം നിര്‍മിച്ചത്. എപ്പോഴും ചെറുചെറു നിര്മിതികളില് മുഴുകാറുണ്ടെങ്കിലും ഒരു സാഹസിക വാഹനം ഉണ്ടാക്കുകയെന്നതു ഷിബിന്റെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. പ്ലസ്ടുവില്‍ ഉന്നതവിജയംകൂടി നേടിയതോടെ ആ മോഹത്തിനു വീട്ടുകാരില്‍നിന്നുള്ള അനുമതിയുമായി. അതോടെ വീട്ടിലെ പഴയ ബൈക്കിന്റെ എന്ജിനെടുത്തു മുറ്റത്തേക്കിറങ്ങി. ഇരുമ്പുകമ്പികളും തകിടും ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോമില്‍ ബൈക്കിന്റെ എന്ജിന് ഘടിപ്പിച്ചു. ബാക്കി. ഭാഗങ്ങള്‍ പഴയ വാഹനങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നുവാങ്ങി. ബൈക്കില്നിന്നെടുത്ത വയറിങ്ങെടുത്ത് അതില്‍ രൂപമാറ്റം വരുത്തി അതും. സ്വപ്നവാഹനത്തിനൊപ്പം ചേര്‍ത്തു. വെല്‍ഡിങ് ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം സ്വയം ചെയ്തതിനാല്‍ ആകെ ചെലവ് 7500 രൂപയില്‍ ഒതുങ്ങി. ഹൈബ്രിഡ് സാങ്കേതികവിദ്യകൂടി കൂട്ടിച്ചേര്‍ത്തതിനാല്‍. വാഹനത്തിന്റെ പെട്രോള്‍ കഴിഞ്ഞാലും പേടിക്കേണ്ട. ഇലക്ട്രിക് മോട്ടോറില്‍ തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ ഓടി ലക്ഷ്യസ്ഥാനത്തെത്തിക്കൊളളും. പെട്രോളിന് 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ബൈക്കിന്റെ എന്‍ജിനിലാണ് ഓടുന്നതെങ്കിലും ഇലക്ട്രിക് മോട്ടോര്‍ ഉള്ളതിനാല്‍ വാഹനം റിവേഴ്സ് എടുക്കാമെന്നതും പ്രത്യേകതയാണ്. ഷോക്ക് അബ്സോര്‍ബറും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം നിരത്തിലോടുന്ന കാറുകളെപ്പോലെ. സ്റ്റിയറിങിന് ഓട്ടോമാറ്റിക് റിട്ടേണ്‍ സിസ്റ്റവുമുണ്ട്. നാലു ലിറ്ററാണ് പെട്രോള്‍ ടാങ്കിന്റെ സംഭരണ ശേഷി. ഒന്നര ലിറ്ററാകുന്നതോടെ. റിസര്‍വിലെത്തും. പരിസര മലിനീകരണം കുറയ്ക്കാനായി ഇലക്ട്രിക് ചാര്‍ജ് ഉപയോഗിച്ച് വാഹനം ചലിപ്പിക്കാമെന്നതും പ്രത്യേകതയാണ്. കോമ്പി ബ്രേക്ക്, എ.ബി.എസ്, ഹൈബ്രിഡ് മോട്ടോറില്‍ സെല്‍ഫ് സ്റ്റാര്‍ട്ടിങ് എന്നിവ ഉള്‍പ്പെടുത്തുകയാണ് ഇനിയുളള ലക്ഷ്യം. സഹോദരന് മുഹമ്മദ് സിജിലാണു സഹായി. നേരത്തെ ഹൈഡ്രോളിക് എസ്കവേറ്റര്‍, ഇലക്ട്രിക് എന്ജിന്, ഹവര്‍ ബോര്‍ഡ്, ഇലക്ട്രിക് സൈക്കിള്‍ എന്നിവയും ഷിബിന്‍ നിര്‍മിച്ചിരുന്നു. പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് 99 ശതമാനം മാര്‍ക്കോടെയാണ് ഷിബിന്‍ പ്ലസ്ടു സയന്‍സ് വിജയിച്ചത്. കുസാറ്റില്‍ പ്രവേശനത്തിന് ഉയര്‍ന്ന റാങ്ക് നേടിയതിനാല്‍ അവിടെ മെക്കാനിക്കല്‍ എന്‍ജിനീയറിങിനു പഠിക്കാനാണ് ആഗ്രഹം.
© 2019 IBC Live. Developed By Web Designer London