മലപ്പുറം: ജനവാസ മേഖലകളിൽ നിന്നും ക്വാറികളുടെ ദൂരപരിധി 200 മീറ്റർ ആയി ഉയർത്തിയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ ഈ മാസം 25 ന് സുപ്രീം കോടതി വാദം കേൾക്കാനിരിക്കെ സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ കോടതിയിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് ഭൂരിപക്ഷം ക്വാറികൾക്കും പൂട്ട് വീഴും. ഇത് സംസ്ഥാനത്തിന്റെ വികസന മേഖലയിൽ ദൂരവ്യാപക പ്രത്യാഘാത വുമുണ്ടാക്കും.
സംസ്ഥാനത്തെ ക്വാറികളും ജനവാസ മേഖലയും തമ്മിലുള്ള ദൂരപരിധി 50 മീറ്റർ എന്നത് ദേശീയ ഗ്രീൻ ട്രൈബ്യൂണൽ 200 മീറ്ററാക്കി ഉയർത്തിയതിനെ ചോദ്യം ചെയ്തു കൊണ്ട് കേരളത്തിലെ ഒൻപത് ക്വാറി ഉടമകൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി 25ന് വാദം കേൾക്കാനിരിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ള വിഷയത്തിൽ ട്രൈബ്യൂണൽ അനാവശ്യമായി ഇടപെടൽ നടത്തിയ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഏറെ നിർണ്ണായകമാണ്.
1967ലാണ് സംസ്ഥാനത്ത് ക്വാറികൾക്കുള്ള ദൂരപരിധി 50 മീറ്ററായി നിശ്ചയിച്ച് അനുമതി നൽകിത്തുടങ്ങിയത്.2015 ൽ യു.ഡി.എഫ് സർക്കാർ അത് 100 മീറ്ററായി ഉയർത്തുകയും തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ അത് 50 മീറ്ററായി പുനർസ്ഥാപിക്കുകയുമാണ് ചെയ്തത്. യു.ഡി.എഫ് സർക്കാരിന്റെ നയം കാരണം അക്കാലത്ത് നിരവധി ക്വാറികൾ പൂട്ടി പോവേണ്ടി വന്നു. 2020 ജൂലൈ 21 നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ കൈകടത്തി കൊണ്ട് ദൂരപരിധി 200 മീറ്ററായി ഉയർത്തി ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ് വന്നത്.ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. റിട്ട് പരിശോധിച്ച ഹൈക്കോടതി ജഡ്ജി അലക്സാണ്ടർ തോമസ് നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ തൽസ്ഥിതി തുടരാനും പുതിയവ ആരംഭിക്കാനും ലൈസൻസ് പുതുക്കാനും ഹരിത ട്രൈബ്യൂണൽ ഉത്തരവ് ബാധകമാക്കിയും ഇടക്കാല ഉത്തരവിട്ടു. പിന്നീട് റിട്ടിൽ വാദം കേട്ട സിംഗിൾ ബഞ്ചും സമാനമായ ഉത്തരവിട്ടു. ഇതുകാരണം കാലാവധി കഴിഞ്ഞ 200 മീറ്റർ ദൂരപരിധിയില്ലാത്ത ക്വാറികൾക്ക് ലൈസൻസ് പുതുക്കി നൽകുന്നില്ല. പുതിയ ക്വാറികൾക്കും അനുമതി ലഭിക്കുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ ക്വാറികൾ അടയുന്നതോടെ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 10 ശതമാനമായി കുറയുകയും പാറ അനുബന്ധ നിർമ്മാണ സാമഗ്രികളുടെ വില കൂടുതൽ ഉയരാൻ സാദ്ധ്യതയുണ്ട്. അതോടൊപ്പം 2022 മാർച്ച് 31 ഓടു കൂടി ക്വാറികളുടെ എണ്ണം നിലവിലുള്ളതിന്റെ രണ്ട് ശതമാനം മാത്രമായും ചുരുങ്ങും.ഇതോടെ സർക്കാർ, സ്വകാര്യ മേഖലയിലെ നിർമ്മാണ ചെലവ് മൂന്നിരട്ടി വരെ വർദ്ധിക്കും.
ഇത്രയും ക്വാറി സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരാവുമ്പോൾ സംസ്ഥാനത്തിന്റെ ഖജനാവിലേക്ക് ഖനന മേഖലയിൽ നിന്നും റോയൽറ്റി,ജി.എസ്.ടി,ഇൻകം ടാക്സ്, വിവിധ ഫീസുകൾ, തുടങ്ങിയ ഇനങ്ങളിലായി ലഭിച്ച് കൊണ്ടിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാന മാർഗ്ഗം കൂടി അടയും. അത് ഇപ്പോൾ തന്നെ സംസ്ഥാനം അനുഭവിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ ദുഷ്കരമാക്കും. അതോടൊപ്പം തന്നെ ക്വാറി സ്ഥാപന ഉടമകൾ,അവിടെ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത മാർഗ്ഗവും നിലക്കുന്ന അവസ്ഥയുമുണ്ടാകും. നിലവിൽ തന്നെ ഭൂരിഭാഗം ക്വാറി ഉടമകളും 2016 ലെ നോട്ട് നിരോധനം, കൊറോണ, ലോക്ക്ഡൗൺ തുടങ്ങിയ കാരണങ്ങളാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലും പല സർക്കാർ-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തവരും തിരിച്ചടക്കാൻ പ്രയാസപ്പെടുന്നവരുമാണ്. ആ സ്ഥാപനങ്ങൾ പൂട്ടുക കൂടി ചെയ്യേണ്ട അവസ്ഥയുണ്ടായാൽ ക്വാറി ഉടമകൾക്ക് ആത്മഹത്യ മാത്രമാവും പരിഹാരം.
കൂടാതെ ക്വാറികളുടെ കൂട്ടത്തോടെയുള്ള അടച്ചു പൂട്ടലോടെ പാറ അനുബന്ധ ഉത്പന്നങ്ങൾക്ക് വലിയ വിലക്കയറ്റമുണ്ടാവുകയും അത് കേരളത്തിന്റെ വികസന മേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവ് കാരണം ഇപ്പോൾ തന്നെ കരാറുകർ നിർമ്മാണ പ്രവൃർത്തികൾ ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുകയും ഏറ്റെടുത്തവ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതെ വന്നിരിക്കുകയുമാണ്. ആയതിനാൽ കേരള സർക്കാർ ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് ഏറെ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ പൊതുതാല്പര്യത്തെ മുൻനിർത്തിയും ക്വാറി ഉടമകളുടെയും അനുബന്ധ തൊഴിലാളികളെ പരിഗണിച്ചും സുപ്രീംകോടതിയിലെ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്നും വിഷയത്തെ സർക്കാർ ഗൗരവമായി കാണണമെന്നുമാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London