മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോൺഗ്രസ് സംഘർഷം തുടരുന്നു. രാത്രി വൈകിയും വിവിധയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സിപിഐഎം പ്രവർത്തകർ കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. സമീപകാല രാഷ്ട്രീയകേരളം കണ്ടിട്ടില്ലാത്ത സംഘർഷം. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ ആരംഭിച്ച സിപിഐഎം കോൺഗ്രസ് തെരുവുയുദ്ധം രാത്രി വൈകിയും നീണ്ടു. തിരുവനന്തപുരത്തും കണ്ണൂരും വ്യാപക ആക്രമം. കണ്ണൂർ ഡിസിസി ഓഫിസിലേക്ക് കല്ലേറുണ്ടായി.
പയ്യന്നൂർ തലശേരി തളിപ്പറമ്പ് എന്നിവിടങ്ങളിലും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായി. ഇരിട്ടിയിൽ യൂത്ത്കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫിസിന് മുന്നിലെ ബോർഡുകൾ സിപിഐഎം പ്രവർത്തകർ അടിച്ചുതകർത്തു. കിളിമാനൂരിൽ കെഎസ്യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ മാവേലിക്കര എംഎൽഎ അരുൺകുമാറിന്റെ വാഹനം തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.
കെപിസിസി ആസ്ഥാനത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് ജോലി ചെയ്യുന്ന സ്കൂളിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധമാർച്ച് നടത്തും. കണ്ണൂരും തിരുവനന്തപുരത്തും നേതാക്കളുടെ വീടുകൾക്ക് സുരക്ഷ ശക്തമാക്കി. സംഘർഷം ഇന്നും തുടരുമെന്ന വിലയിരുത്തലിൽ സംസ്ഥാന വ്യാപകമായി പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London