മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു(73) അന്തരിച്ചു. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള നടൻ. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധിയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിക്കാരനായ വേണു മാധ്യമപ്രവർത്തകനായാണ് ജീവിതം ആരംഭിച്ചത്. നാടക രംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. അരങ്ങിന്റെ ലോകത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്.
1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതൻറെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London