കൊച്ചി : നടിയെ അക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പൊലീസ്. കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശിയായ വിപിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയെ പ്രതിചേർത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലം കോട്ടാത്തല സ്വദേശി പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
ജനുവരി 24 ന് പ്രദീപ് കുമാർ കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിൻ ലാലിൻറെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ കൊട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽ നിന്ന് കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിൻറെ വിചാരണയിൽ വിപിൻറെ മൊഴികൾ നിർണായകമാണ്.
വിപിൻറെ പരാതിയിൽ കേസെടുത്ത ബേക്കൽ പൊലീസ് ഒന്നരമാസത്തെ അന്വേഷണത്തിനൊടുവിലാണ് കെ.ബി ഗണേഷ് കമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപാണ് സ്വാധീനിക്കാൻ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് എത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോക്കാരൻറെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London