കാബൂള്‍: പ്രഥമ അഫ്ഗാൻ വൈസ് പ്രസിഡൻ്റ് അമ്രുള്ളാ സാലെയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ പത്ത് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാബൂൾ നഗരത്തിൽ വാഹനവ്യൂഹത്തിനു നേർക്കു നടന്ന ബോംബാക്രമണത്തിൽ ചുരുങ്ങിയത് പത്ത് പേർ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുരക്ഷാസേനയെ ഉദ്ധരിച്ച് അഫ്ഗാൻ വാർത്താ ചാനലായ ടോളോ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
പ്രാദേശിക സമയം രാവിലെ 7.30ഓടു കൂടി കാബൂൾ നഗരത്തിലെ തായ്മാനി പ്രദേശത്ത് സ്ഫോടനം നടന്നതായി അഫ്ഗാൻ വാര്‍ത്താ ചാനൽ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വൈസ് പ്രസിഡൻ്റിൻ്റെ വാഹനവ്യൂഹം കടന്നു പോകുമ്പോഴായിരുന്നു വഴിയോരത്ത് സ്ഫോടനം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഒരാളാണ് വിവരം അറിയിച്ചതെന്നും ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്നുമായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ തകർന്ന വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ദൃശ്യങ്ങൾ ചാനൽ പുറത്തു വിട്ടിട്ടുണ്ട്.
സ്ഫോടനത്തിൽ വൈസ് പ്രസിഡൻ്റ് സാലേയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റഷ്യൻ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്. “ഇന്ന്, ഒരിക്കൽക്കൂടി അഫ്ഗാനിസ്ഥാൻ്റെ ശത്രുക്കള്‍ സാലെയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അവരുടെ ക്രൂരമായ ലക്ഷ്യം നിറവേറ്റുന്നതിൽ അവര്‍ പരാജയപ്പെട്ടു. സാലേ ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപെട്ടു.” വൈസ് പ്രസിഡൻ്റിൻ്റെ വക്താവ് റസ്വാൻ മുറാദ് ഫേസ്ബുക്കിൽ കുറിച്ചു. സാലേയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും അദ്ദേഹത്തിൻ്റെ സുരക്ഷാസൈനികര്‍ക്ക് പരിക്കേറ്റെന്നും റസ്വാൻ മുറാദ് ഏജൻസിയോടു പറഞ്ഞു.
© 2019 IBC Live. Developed By Web Designer London