പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി വിധി ഇന്ന്. 28 വർഷത്തിന് ശേഷമാണ് 2 വൈദികർ പ്രതികളായ കേസിൽ കോടതി വിധി പറയുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി രാവിലെ 11ന് കേസ് പരിഗണിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി സനൽ കുമാറാണ് കേസിൽ വിധി പറയുക. ഒരു കന്യാസ്ത്രീയുടെ കൊലപാതകത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ വരുന്ന വിധി രാജ്യമാകെ ഉറ്റുനോക്കുകയാണ്.
1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത് കോൺവെൻറിലെ അന്തേവാസി സിസ്റ്റർ അഭയ എന്ന ബീന തോമസ് കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറയുന്നത്. കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബിസിഎം കോളേജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദർ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെൻത് കോൺവെൻറ് ഹോസ്റ്റലിലെ താൽക്കാലിക ചുമതലക്കാരി സിസ്റ്റർ സെഫിയുമാണ് കേസിൽ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദർ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
പയസ് ടെൻത് കോൺവെൻറ് ഹോസ്റ്റലിൽ പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സിബിഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ഒരു വർഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബർ 10നാണ് പൂർത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതിൽ പ്രോസിക്യൂഷൻ സാക്ഷികളടക്കം 8 പേർ കൂറ് മാറി. വൈദികർ തന്നെ നടത്തിയ കൊലപാതകത്തിൽ കടുത്ത ശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. എന്നാൽ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ദുർബലമെന്ന മുൻ വാദം പ്രതിഭാഗം ആവർത്തിക്കും.
© 2019 IBC Live. Developed By Web Designer London