അഗോനി ബോറ നെല്ലിന്റെ അരി ചോറാക്കി മാറ്റണമെങ്കിൽ അടുപ്പും തീയും അന്വേഷിച്ച് വിഷമിക്കേണ്ടതില്ല. അൽപ്പം പച്ചവെള്ളവും ഒരു പാത്രവുണ്ടെങ്കിൽ മിനിറ്റുകൾക്കകം നല്ല തൂവെള്ള ചോറ് റെഡിയാക്കാം. ഇത് വെറുതെ പറയുന്നതല്ല. ചാത്തമംഗലം വെള്ളനൂരിലെ കെഎസ്ആർടിസി കണ്ടക്ടറും പാരമ്പര്യ കർഷകനുമായ സുനിൽ വെള്ളന്നൂറിന്റെ കൃഷിയിടത്തിൽ വിളഞ്ഞ നെല്ലിന്റെ പ്രത്യേകതയാണ്. ഓരോ തവണയും വ്യത്യസ്ത കൃഷിയിറക്കി വിജയം കൈവരിക്കുന്നതിൽ മുമ്പിലാണ് സുനിൽകുമാർ. ഇത്തവണ ആസാമിൽ നിന്നും ബന്ധുവായ പട്ടാളക്കാരന്റെ സഹായത്തോടെ എത്തിച്ചതാണ് അഗോനി ബോറ നെൽവിത്ത്. നൂറ്റിനാൽപ്പത് ദിവസത്തെ മൂപ്പു വേണ്ട അഗോനി ബോറ നെൽ വിത്ത് വെള്ളനൂർ വിരിപ്പിൽ പാടത്താണ് വിതച്ചത്.
നെല്ല് വിതച്ചതിന് ശേഷം ഇത്തവണത്തെ കാലാവസ്ഥ പലപ്പോഴായി ചതിച്ചെങ്കിലും കുഴപ്പമില്ലാതെ വിളവ് ലഭിച്ചു. അഗോനി ബോറ നെല്ലിന്റെ അരിയുടെ നിറത്തിലും വ്യത്യാസമുണ്ട്. മറ്റ് പാരമ്പര്യ നെല്ലിനങ്ങളിൽ നിന്നും വ്യത്യസ്തമായി തൂവെള്ളയാണ് അഗോനി ബോറ അരിക്കുള്ളത്. ഒറ്റ നോട്ടത്തിൽ പച്ചരിയുമായി രൂപസാദ്യശ്യം തോന്നും. എന്നാൽ അഗോനിബോറ നെല്ലിന്റെ അരിക്ക് നീളം അൽപ്പം കൂടുതലുണ്ട്. കൊയ്തെടുത്തനെല്ല് മെതിച്ച ശേഷം ആദ്യം പുഴുങ്ങി തണലിൽ ഉണക്കണം. പിന്നെ വെയിലത്ത് വെച്ച ശേഷം കുത്തിയെടുക്കാം. ദൂരയാത്രകൾക്ക് പോകുന്നവർക്കാണ് അഗോനി ബോറ അരി ഏറെ ഉപകാരപ്പെടും. ആവശ്യമുള്ള സമയത്ത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരി ഇട്ട് അടച്ചു വെച്ചാൽ ചോറായി മാറും. ജൈവ വളം മാത്രം ഉപയോഗിച്ചു കൃഷിയിറക്കുന്നതാണ് അഗോനി ബോറ നെൽകൃഷിക്ക് നല്ലതെന്നാണ് സുനിൽ കുമാറിന്റെ പക്ഷം.
ചൂടാക്കി വേവിക്കാത്തതു കൊണ്ട് ആരോഗ്യത്തിന് നല്ലതായത് കൊണ്ടാണ് ജൈവരീതി ഉത്തമമായി പറയുന്നത്. നിരവധി പേരാണ് സുനിൽ കുമാറിന്റെ അഗോനി ബോറ നെൽകൃഷി കാണാനും അറിയാനും വെള്ളനൂരിലെ കൃഷിയിടത്തിലെത്തുന്നത്. ആസാമിൽ നിന്നുമെത്തിച്ച അഗോ നി ബോറ നെല്ലിനത്തെ വരും വർഷം കൂടുതൽ വ്യാപകമായി കൃഷി ചെയ്യാനാണ് സുനിൽ കുമാറിന്റെ തീരുമാനം. ഒപ്പം വ്യത്യസ്തമായ നെല്ലിനങ്ങളെ കാർഷിക കേരളത്തിന് പരിചയപ്പെടുത്തി നെൽ കൃഷിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. സുനിലിനെ പോലുള്ള യുവ കർഷകർ വിഷരഹിത കൃഷിരീതിയിലേക്ക് വന്നാൽ കേരളത്തിൽ നല്ല കൃഷി സംസ്കാരം ഉണ്ടാകാനാകുമെന്ന് നാട്ടിലെ മുതിർന്ന കർഷർ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London