ആലത്തൂരിൽ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ സ്കൂൾ വിദ്യാർഥികൾ വീട് വിട്ടിറങ്ങിയത് വീട്ടുകാർ പ്രണയം നിഷേധിച്ചതാനാലെന്ന് മൊഴി. ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ പ്രണയത്തെ എതിർത്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്നും വിദ്യാർഥികൾ റെയിൽവേ പൊലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാർഥികളായ നാലുപേരെയും പൊലീസ് കണ്ടെത്തിയത്.
നവംബർ മൂന്നാം തീയതി ആലത്തൂരിലെ വീട്ടിൽ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും ആദ്യം പൊള്ളാച്ചിക്കൊണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവർ ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. ഇന്ന് ഊട്ടിയിൽ നിന്നാണ് നാല് പേരും കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയിൽവേ പോലീസ് കണ്ടെത്തുമ്പോൾ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും ചെയ്നും ഇവരുടെ പക്കലുണ്ടായിരുന്നു.
നേരത്തെ, പാലക്കാട് ബസ് സ്റ്റാൻഡിലെ സിസിടിവികളിൽനിന്ന് ഇവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയിൽനിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. തുടർന്ന് പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു.
സ്കൂൾ വിദ്യാർഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങൾ സഹിതമുള്ള നോട്ടീസുകൾ തമിഴ്നാട്ടിലെ പലഭാഗങ്ങളിലും പോലീസ് പതിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ കോയമ്പത്തൂരിലെത്തിയ ആലത്തൂർ പോലീസ് കുട്ടികളെ ഏറ്റെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London