പഠനം പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് തിരിച്ചറിഞ്ഞ് വിദ്യാർഥികളെ പ്രകൃതിയോടൊപ്പം നടത്തിയും അവരുടെ സർഗാത്മകതയെ പ്രചോദിപ്പിച്ചും 27 വർഷത്തെ സേവനം പൂർത്തിയാക്കി മെയ് 31ന് കൂരിയാട് എ.എം.യു.പി.സ്കൂൾ അധ്യാപകൻ കെ.ഗണേശൻ വിദ്യാലയത്തിന്റെ പടിയിറങ്ങി. ഒരു വ്യാഴവട്ടക്കാലം സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അമരക്കാരനായിരുന്നു കൊണ്ട് ദിനാചരണങ്ങളിലൂടെ, കുട്ടികളുടെ നിരവധി ലഘുനാടകങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ എന്നിവ ഒരുക്കി സ്കൂൾ മുറ്റത്തെ സർഗാത്മകതയുടെ വേദിയാക്കി മാറ്റി. വിദ്യാലയ വാർത്തകൾ ശേഖരിച്ച് രണ്ടു വർഷത്തോളം ‘സ്പന്ദനം’ വെളിച്ചം’ എന്നീ ചുമർ പത്രങ്ങൾ ഒരുക്കുന്നതിന് നേതൃത്വം കൊടുത്ത് കൊണ്ട് വിദ്യാർഥികൾക്ക് പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി. ഇതിന്റെ ഭാഗമായി ‘വേനൽ മഴ’ എന്ന വാർഷികപ്പതിപ്പും പുറത്തിറക്കി. ‘ഓർമ്മകളുടെ ആകാശം’ എന്ന ഹ്രസ്വചിത്രം ബി.ആർ.സി. തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെ.എസ്. നിൻഷാദ് എന്ന വിദ്യാർഥിക്ക് ഈ ചിത്രം സിനിമാലോകത്തേക്കു കടന്നു വരാൻ അവസരമൊരുക്കി.
ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ ചുമതല വഹിച്ച്കൊണ്ട് പരിസ്ഥിതി -ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിരവധി വിദ്യാർഥികളെ പാരിസ്ഥിതിക പഠനയാത്രകളിലും ക്യാമ്പുകളിലും പങ്കാളികളാക്കി. 2018 – 19 വർഷത്തിൽ മാതൃഭൂമി ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരവും മൂന്നു തവണ ഹരിതവിദ്യാലയ പുരസ്കാരവും സ്കൂളിനു ലഭിക്കുകയുണ്ടായി. (അവാർഡ് തുക ആകെ അറുപത്തി അയ്യായിരം രൂപ) പുരസ്കാര തുക ഉപയോഗിച്ച് സ്കൂളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ ശാസ്ത്ര പാർക്ക് ഒരുക്കും. രണ്ടു തവണ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് കോ-ഓഡിനേറ്റർക്കുളള പുരസ്കാരം ലഭിച്ചു. ശാസ്ത്ര ക്ലബ്ബിന് നേതൃത്വം നൽകി കൊണ്ട് വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനായി യുറീക്ക ശാസ്ത്ര മാസിക പ്രചാരണം, ലഘുശാസ്ത്ര നാടകാവതരണം എന്നിവ നടത്തി. യുറീക്ക ശാസ്ത്ര മാസികയിയിൽ ക്ലാസ് റൂം അനുഭവങ്ങൾ, ബാലസാഹിത്യരചനകൾ എന്നിവ പ്രസിദ്ധീകരച്ചിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London