ചോരവീണമണ്ണിൽ നിന്ന് ഉയർന്നുവന്ന വ്യത്യസ്തനായ പനച്ചൂരാൻ മടങ്ങി. നിസ്വാർഥമായ എഴുത്തും വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും മലയാളി ഹൃദയങ്ങളെ കീഴടക്കിയ കവി. ലാൽ ജോസിൻ്റെ അറബിക്കഥയിലൂടെ ചോരവീണ മണ്ണിൽ നിന്നും എന്ന ഗാനത്തോടെയാണ് സിനിമ മേഖലയിലേക്കുള്ള കാൽവെപ്പ്. പിന്നീടങ്ങോട്ടുള്ള ഓരോ പാട്ടുകളും വ്യത്യസ്തമായി ഹിറ്റുകളിലേക്ക് ഉയർന്ന് കൊണ്ടിരുന്നു.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20 നാണ് ജനനം. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകൻ, സന്ന്യാസി, വിഷവൈദ്യൻ, വക്കീൽ അങ്ങനെ തികച്ചും വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന്റ ജീവിതം മുന്നേറിയത്. ഈ ഘട്ടങ്ങളിലെല്ലാം കവിതയെയും അദ്ദേഹം കൂടെക്കൂട്ടിയിരുന്നു.
അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, ഭ്രമരം, പാസഞ്ചർ, ബോഡിഗാർഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.
കായംകുളത്ത് കുടുംബവീട്ടിൽ ഞായറാഴ്ച രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെയാണ് തിരുവനന്തപുരം കിംസിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. രാത്രി 8.10ന് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
© 2019 IBC Live. Developed By Web Designer London