കഴിഞ്ഞ ദിവസം അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. തിരുവനന്തപുരത്ത് നിന്നും സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകീട്ടാണ് സംസ്കാരം.
അനിൽ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമാണ്. മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു. കായംകുളം പൊലീസ് തിരുവനന്തപുരത്തെത്തി അന്വേഷിക്കും.
രാവിലെ സുഹൃത്തുക്കൾക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെ തലകറങ്ങി വീണു. തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് അന്ത്യം. വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ കവിതകൾ ഏറെ പ്രശസ്തമാണ്. ഓഡിയോ രൂപത്തിലിറങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ ഏറെ ജനപ്രിയമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London