– ഡിക്സണ്‍ ഡിസില്‍വ
മൃഗങ്ങളോടുള്ള മനുഷ്യരുടെ സ്നേഹം ഭക്ഷണ സമയങ്ങളില്‍ ഒഴിച്ച് പ്രകടമാണ്, അതാകട്ടെ വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ മാത്രമൊതുങ്ങുന്ന ഒന്നല്ല. ബുദ്ധിയുള്ള മൃഗമെന്നോ, നിവര്‍ന്നു നില്ക്കുന്ന മൃഗമെന്നോ വിളിപ്പേര് മനുഷ്യര്‍ക്കും ഉള്ളതുതാണല്ലോ?. മനുഷ്യന് എന്ന വാക്കിന്റെ അര്‍ത്ഥം ‘ഹോമോ ജനസില്‍ പെട്ട ഒരു മൃഗം’ എന്നാണല്ലോ. എന്നാലും മനുഷ്യന്റെ വന്യമൃഗ സ്നേഹത്തില്‍ ചിലമൃഗങ്ങള്‍ പെടാത്തതെന്തേയെന്നത് ചോദ്യമായവശേഷിക്കട്ടെ.
ഈ ജൂണ്‍ മാസം മുതല്‍ ഇതുവരെയും മൂന്നു സംസ്ഥാനങ്ങളില്‍ കൃഷിക്കാര്‍ കാട്ടുപന്നികളില്‍ നിന്നും വിളകളെ സംരക്ഷിക്കുവാന്‍ സ്ഫോടകവസ്തു ഭക്ഷണത്തില്‍ പൊതിഞ്ഞു വെച്ചത് അബദ്ധത്തില്‍ കഴിച്ച്, പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കുകളോടെ മൃതിയടഞ്ഞ മൂന്നു മൃഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ രാജ്യത്ത് കേള്‍ക്കുവാനിടയായി. മൃഗസ്നേഹികളും, മാധ്യമങ്ങളും, ചിലരാഷ്ട്രീയ പ്രവര്‍ത്തകരും, രാജ്യത്ത് ശ്രദ്ധിക്കപ്പെടുന്നവരും ,സമാന സ്വഭാവമുള്ള ഈ സംഭവത്തില്‍ സ്വീകരിച്ച് നിലപാടുകളിലുള്ള വൈരുദ്ധ്യമാണ് ആണ് ഇതെഴുതുവാനുള്ള പ്രേരണ.
കര്‍ണ്ണാടകയിലെ എച്ച് ഡി കോട്ട താലൂക്കിലെ ബേട്ടതാബിഡു ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ഒരു ഗ്രാമീണന്റെ വളര്‍ത്തു പശു, ഭക്ഷണത്തില്‍ പൊതിഞ്ഞുവെച്ച സ്ഫോടകവസ്തു ഉള്ളില്‍ ചെന്ന് പൊട്ടിത്തെറിച്ച് വായും താടിയെല്ലും തകര്‍ന്ന് ഗുരുതരമായ പരിക്കുപറ്റി, ദയാവധത്തിന് വിധേയമായി മരണപെട്ടു. വനാതിര്‍ത്തി ഗ്രാമമായതിനാല്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ പിടികൂടുന്നതിനായി വെച്ച സ്ഫോടകവസ്തു കഴിച്ചാണ് വളര്‍ത്തു മൃഗമായ പശു പൊട്ടിത്തെറിച്ചത്. (കാട്ടുപന്നിയെ മൃഗസ്നേഹികള്‍ എന്തുഗണത്തിലാണാവോ പെടുത്തുന്നത്?)
ഈ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ കേരളത്തില്‍ കുറച്ചുനാളുകള്‍ക്ക് മുമ്പുണ്ടായ സമാനമായ ഒരു സംഭവമാണ് ഓര്‍മ്മവന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കോട്ടപ്പടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്ത് നടന്ന സംഭവം.
ഇരുപതു വയസുള്ള ഗര്‍ഭിണിയായ ആന തേങ്ങായ്ക്കുള്ളില് വെച്ചിരുന്ന സ്ഫോടകവസ്തു ഭക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായ പൊള്ളലേറ്റ് നാലു ദിവസത്തോളം പുഴയില്‍ ഒരേനില്‍പ്പ് നിന്നു ചരിഞ്ഞു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുവാന്‍ വെച്ച കെണിയില്‍ ആന പെടുകയായിരുന്നു. പിന്നീട് ഈ വിഷയത്തില്‍ നടന്ന വിവാദങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ കുറെ ദിവസങ്ങള്‍ നിറഞ്ഞതാണ്. ചാനലുകളില്‍ ചര്‍ച്ചകള്‍കൊണ്ട് മൃഗസ്നേഹികള്‍ ഉറഞ്ഞുതുള്ളി. മലപ്പുറം ജില്ലയിലാണ് സംഭവം നടന്നതെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം കെട്ടഴിച്ചുവിട്ടു. മലപ്പുറം ജില്ലയുടെ അതിര്‍ത്തിയില്‍ നിന്നും കുറെയകലെയുള്ള മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കോട്ടപ്പടം പഞ്ചായത്തിലെ അമ്പലപ്പാറയില്‍ നടന്ന ഈ നീച കൃത്യത്തെ, മലപ്പുറം ജില്ലയില്‍ നടന്നതെന്ന വ്യാജ പ്രചാരണം നടത്തിയത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയെന്ന ദുഷ്ടലാക്കോടെയായിരുന്നു. ബിജെപി യുടെ കേന്ദ്ര- സംസ്ഥാന നേതാക്കള്‍ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്കെതിരെ, വിശിഷ്യാ ഒരു സമുദായത്തിനെതിരെ, വര്‍ഗ്ഗീയ പ്രേരിതമായ പ്രചരണമാണ് നടത്തിയത്.
മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി ഒരുപടി കൂടി കടന്ന് ഇന്ത്യയിലെ ഏറ്റവും അക്രമമുള്ള ജില്ലയാണ് മലപ്പുറം എന്ന തരത്തില്‍ പറഞ്ഞു വെച്ചു. ഹിന്ദുക്കളുടെ പുണ്യമൃഗമായ ആനയെ സ്ഫോടകവസ്തു ഭക്ഷണത്തില്‍ വെച്ചു കൊന്നുവെന്ന തരത്തിലുള്ള പ്രചാരങ്ങള്‍ രാജ്യമാകെ സോഷ്യല്‍ മീഡിയ വഴിയും സജീവമായി. മാധ്യമങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, സിനിമ നടീനടന്മാര് എന്നുവേണ്ട ആകെ കാര്യമറിയാതേയുള്ള ആട്ടങ്ങളുടെ അട്ടഹാസങ്ങളായിരുന്നു. പിന്നീട് വില്സന് എന്നൊരാളെ അറസ്റ്റ് ചെയ്യുകയും, മലപ്പുറത്തല്ല പാലക്കാട് ജില്ലയിലാണ് സംഭവം നടന്നതെന്നും തെളിയിക്കപ്പെട്ടു.
ഇത്തരത്തില്‍ മറ്റൊരു സംഭവം ഈയടുത്ത് കോയമ്പത്തൂരിലും ഉണ്ടായി. അവിടെയും സ്ഫോടകവസ്തു ഇതേരീതിയില്‍ ഉള്ളില്‍ ചെന്ന് പൊട്ടിത്തെറിച്ച്, ഗുരുതരമായ പൊള്ളലേറ്റ ഒരു ആന ചരിഞ്ഞു. കോയമ്പത്തൂരിലുള്ള ആനക്കട്ടയിലാണ് സംഭവം. പത്തു വയസുള്ള ആനയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സകളോട് പ്രതികരിക്കാതെ ചരിഞ്ഞത്. കൃഷിയിടങ്ങളില്‍ മൃഗങ്ങള്‍ അതിക്രമിച്ച് കയറുന്നതിനെ ചെറുക്കാന്‍ ആരോ വച്ച സ്ഫോടകവസ്തു കടിച്ചാണ് ആനയുടെ വായ്ക്ക് പരിക്കേറ്റതും, മരണപ്പെട്ടതുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഈ മൂന്നു സംഭവങ്ങള്‍ക്കും ഒരേ സ്വഭാവമാണ്. കൃഷിക്കാര്‍ തങ്ങളുടെ വിളയെ രക്ഷിച്ചെടുക്കുവാന്‍ വേണ്ടി കാട്ടുപന്നികളെ ലക്ഷ്യവെച്ചു നടത്തിയ ക്രൂരതയ്ക്ക് ഇരയായിയാണ് രണ്ടാനകളും ഒരു പശുവും കൊല്ലപ്പെടുന്നത്.
കേരളത്തില്‍ ഗര്‍ഭിണിയായ കാട്ടാനയെ പഴത്തില്‍ പടക്കം നല്കി കൊന്ന സംഭവം എന്നരീതിയില്‍ പ്രചരിപ്പിച്ച്, പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രഖ്യാപിച്ച് എച്ച്എസ്ഐ ഇന്ത്യ കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചു . ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയാണ് പാരിതോഷികം പ്രഖ്യാപിച്ചത്, എവിടെയും കാട്ടുപന്നികള്‍ കൃഷിനശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ഈ കൊടും ക്രൂരതയ്ക്ക് പിന്നില്‍ കണ്ടുവരുന്നത്. ആനയെ കൊന്നതന്വേഷിക്കുവാന് വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അയക്കുന്നവര്‍ കാട്ടുപന്നിയെ ഏത് വിഭാഗത്തിലാണ് ഉള്പെടുത്തുന്നതെന്നാണ് മനസിലാവാത്തത്? മൃഗസംരക്ഷണത്തിന്റെയും, മൃഗസ്നേഹികളുടെയും ലിസ്റ്റില്‍ കാട്ടുപന്നി പെടാത്തതെന്തേയെന്നു ഒരു പിടിയും കിട്ടുന്നില്ല.
ഒരെ രീതിയിലുള്ള വ്യത്യസ്ഥ ഇടങ്ങളിലെ മൃഗങ്ങളോടുള്ള കൊടുംക്രൂരത. രണ്ടിടത്ത് ആനയും ഒരിടത്ത് സാക്ഷാല്‍ ഗോമാതാവും. എന്നാല്‍ കേരളത്തില്‍ സഭവിച്ചതുമാത്രം വിവാദമാകുന്നു, വിവാദമാക്കുന്നു. അതിനുള്ള എളുപ്പവഴിയായി ഒരു മത വിഭാഗക്കാര്‍ കൂടുതലുള്ള ഒരു ജില്ലയുടെ പേര് തെറ്റായി പ്രചരിപ്പിക്കുന്നു. കേരളം ഭരിക്കുന്ന സര്‍ക്കാരും, കേരളത്തിന്റെ ഉയര്‍ന്ന മൂല്യമുള്ള പൊതുസമൂഹവും ശരിയായ ഇടപെടല്‍ നടത്തിയതിനാല്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടുള്ള കള്ളക്കളി പൊളിഞ്ഞു.
കര്‍ണ്ണാടകയിലും,തമിഴ്നാട്ടിലും സംഭവിച്ചപ്പോള്‍ ഇല്ലാതിരുന്ന പ്രശ്നങ്ങള്‍ കേരളത്തില്‍ മാത്രം മൃഗസ്നേഹികളുടെ രൂപത്തില്‍ ഉണ്ടായതെങ്ങനെ എന്നത് ചര്‍ച്ചചെയ്യപെടേണ്ടതാണ്.
എവിടെയായാലും മൃഗങ്ങളോടുള്ള ക്രൂരത ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ മറ്റിടങ്ങളില്‍ ഒരു മൃഗസ്നേഹിയും വിലപിച്ചു കണ്ടില്ല, ഒരു കവിയും കവിതയുമായി വന്നില്ല, ഒരു രാഷ്ട്രീയക്കാരനും ബുദ്ധിമുട്ടുണ്ടായില്ല. മേനകാ ഗാന്ധി എന്നൊരാള്‍ ഉണ്ടോയെന്നുപോലുമാരും അറിഞ്ഞില്ല..
ഈ ലേഖനം തീര്‍ത്തും ലേഖകന്റെ അഭിപ്രായം മാത്രമാണ്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London