മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലർ അബ്ദുൽ ജലീലിൻറെ കൊലപാതകത്തിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് മർദനമേറ്റ് ചികിത്സയിലായിരുന്ന ലീഗ് കൗൺസിലർ അബ്ദുൽ ജലീൽ മരിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ നഗരസഭാ പരിധിയിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാർഡ് മെമ്പറുമായ അബ്ദുൽ ജലീലിനെ ആക്രമിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. മഞ്ചേരി സ്വദേശികളായ അബ്ദുൾ മജീദും, ഷുഹൈബുമാണ് ആക്രമണത്തിന് പിന്നിൽ. മജീദിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തലയിലും, നെറ്റിയിലും മുറിവേറ്റ അബ്ദുൾ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി സെൻട്രൽ ജുമാ മസ്ജിദിൽ ഉച്ചയോടെ അബ്ദുൽ ജലീലിന്റെ മൃതദേഹം ഖബറടക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London