തെരഞ്ഞെടുപ്പ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകർ ആകാംഷയോടെ ഉറ്റു നോക്കുന്ന നിയസഭാ മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. കേരളത്തിൽ താമര വിരിഞ്ഞ ആദ്യത്തെ മണ്ഡലം കേരളത്തിന്റെ സവിശേഷമായ മതേതര മനസ്സിനെ വർഗീയമായി വേർത്തിക്കാനാവില്ല എന്ന അഭിമാനത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു നേമത്തെ ബി ജെ പി യുടെ വിജയം. ഇത് നവോത്ഥാ മൂല്യങ്ങൾ ആഴത്തിൽ സ്വാംശീകരിച്ച കേരളം പോലെ ഒരു സംസ്ഥാനത്തിൻ്റെ മനസ്സും മതപരമായും വർഗീയമായും വേർതിരിക്കപ്പെടുന്നു എന്ന ആശങ്ക പൊതുവെ പങ്കുവെക്കപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓ രാജഗോപാൽ ജയിക്കുന്നതു 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. തിരുവനന്തപുരത്തെ വോട്ടർമാർക്ക് വളരെ പരിചിതനാണ് ഓ രാജഗോപാൽ. എല്ലാ തിരഞ്ഞെടുപ്പിലും നിൽക്കുകയും തോൽക്കുകയും ചെയുന്ന ഒരു സ്ഥാനാർത്ഥിയോട് തോന്നുന്ന സഹജമായ സഹതാപത്തെ വോട്ടാക്കി മാറ്റാൻ ബി ജെ പി ക്കു കഴിഞ്ഞു എന്നതാണ് ഈ വിജയത്തിന്റെ സവിശേഷത.
ഇന്ന് തീ പാറുന്ന ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രധാനപ്പെട്ടതാണ് നേമം. സി പി എം ലെ ശിവൻകുട്ടി തന്റെ സ്ഥാനാർത്ഥിത്വം ആദ്യമേ ഉറപ്പിച്ചു മണ്ഡലത്തിൽ പ്രചാരണം തുടങ്ങി കഴിഞ്ഞിരുന്നു. തുടർന്നു കുമ്മനം രാജശേഖരൻ എത്തി. അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് കോൺഗ്രസ്സിന്റെ പോരാളി കെ മുരളീധരൻ കൂടി എത്തിയതോടെ മത്സരത്തിന്റെ ഗതി മാറി. 2004 ൽ മന്ത്രിയായിരിക്കെ വടക്കാഞ്ചേരിയിൽ മത്സരിച്ചു തോറ്റ മുരളിയല്ല 2021 ലെ മുരളീധരൻ. ആർജവമുള്ള ഒരു നേതാവിന്റെ ഭാഷയും, ശരീര ഭാഷയും കൊണ്ട് മുരളി ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാ കോൺഗ്രസ്സുകാർക്കും പ്രിയപ്പെട്ടവനാകുന്നു. അതുകൊണ്ടു തന്നെ നേമത്തെ മത്സരം പ്രവചനാതീതമാകുന്നു. അറുപതു ശതമാനം ഭൂരിപക്ഷ സമുദായത്തിന്റെ സാന്നിധ്യമുള്ള ഈ മണ്ഡലം ബി ജെ പി യെ മോഹിപ്പിക്കുന്നുണ്ടെങ്കിലും മുരളീധരന്റെ വരവ് ആ മോഹത്തിന് മങ്ങൽ ഏൽപ്പിച്ചോ എന്ന് സംശയിക്കണം .2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെയും അത് കഴിഞ്ഞുള്ള തദ്ദേശ തെരഞ്ഞെടുപ്പിലെയും കണക്കുകൾ ബി ജെ പി ക്ക് പ്രതീക്ഷ നൽകുന്നതാണെങ്കിലും രാജഗോപാലിന് ലഭിച്ച പൊതു സമ്മതി കുമ്മനത്തിനു ലഭിക്കുമോ എന്നത് ബി ജെ പി ക്യാമ്പിൽ തന്നെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ്സ് അവരുടെ വോട്ടുകൾ ഭദ്രമാക്കിയാൽ ഇരുപത്തിനായിരത്തില്പരം ന്യൂന പക്ഷ വോട്ടിന്റെ കണക്കു ഇടതുപക്ഷത്തിന്റെ കിനാവുകൾക്കു ചിറകു നൽകുന്നു. ഒരു പൈങ്കിളി സ്ഥാനാർത്ഥിയുടെ ഭാവ ചലനങ്ങൾ ഒന്നും ശിവൻ കുട്ടിക്കില്ല. പക്ഷെ ഏതു ആവശ്യങ്ങൾക്കും കൂടെ നിൽക്കുന്ന ഒരാളുടെ ചങ്കുറ്റം ഈ സ്ഥാനാർത്ഥിയെ അവരിൽ ഒരാളാക്കി നിർത്തുന്നു. കഴിഞ്ഞ അഞ്ചു വർഷവും മണ്ഡലത്തിലെ അനൗദ്യോഗിക എം ൽ എ ആയിരുന്നു ശിവൻകുട്ടി എന്നതാണ് അദ്ദേഹത്തിന്റെ തുറുപ്പ് ചീട്ട്.
നേമത്തിന്റെ പടനിലം സംഘർഷ ഭരിതമാണ്.തിരുവനന്തപുരം കോർപറേഷനിലെ 21 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് നേമം മണ്ഡലം. ഇതിൽ 14 വാർഡുകൾ ബി ജെ പി യുടേതാണ് ഏഴെണ്ണം ഇടതിന്റേയും. 2016 ൽ ഓ രാജഗോപാൽ നേടിയത് 67813. വി ശിവൻകുട്ടി 59142 .വി സുരേന്ദ്രൻ പിള്ള 13860 .ഇപ്പോൾ ആകെ വോട്ടർ 200505 .
പെട്രോൾ ,ഗ്യാസ് എന്നിവയുടെ വിലക്കയറ്റം ജനങ്ങൾ ചർച്ച ചെയ്താൽ അല്ലെങ്കിൽ പൊതു മേഖല സ്ഥാപനങ്ങൾ വിറ്റു തുലച് സംവരണത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി സാധാരണക്കാരനെ വഴിയാധാരമാക്കുന്ന ബി ജെ പി നയങ്ങളെ കുറിച്ച് ചിന്തിച്ചാൽ ഇവിടത്തെ മത്സരം പ്രവചനാതീതമാകും .സ്ഥാനാർത്ഥികളും പാർട്ടികളും കണക്കുകൾ കൂട്ടിയും കിഴിച്ചും തല പുകക്കുമ്പോൾ ഏപ്രിൽ 6 നു ജനങ്ങൾ വിധി എഴുത്തും .
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London