മേലേ ചേളാരിയിൽ എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സഖാവേ, സഖാവേ എന്നാവേശത്തോടെ അഭിസംബോധന ചെയ്ത് സാമൂഹിക മാധ്യമങ്ങളിലെ താരമായി മാറിയ മൂന്ന് വയസുകാരിയെ തേടി വള്ളിക്കുന്ന് എൽ ഡി എഫ് സ്ഥാനാർഥി വഹാബ് മാഷെത്തി.
തേഞ്ഞിപ്പലം മുദ്രാ കോർണറിന് സമീപമുളള പാലേരി ഹൗസിലെ ലിജീഷ്-ധന്യ ദമ്പതികളുടെ മകൾ അലൈഖയെ കാണാനാണ് മാഷെത്തിയത്. സഖാവെ, സഖാവെ എന്ന് വിളിച്ചു കൊണ്ട് പിണറായി വിജയനെ ആകർഷിക്കുകയും അഭിവാദ്യങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത നാട്ടുകാരുടെ പാത്തൂസിന് വഹാബ് മാഷെത്തിയപ്പോൾ ആവേശം ഇരട്ടിയായി.
ചെങ്കൊടി പാറിച്ച് മുഷ്ടി ചുരുട്ടി ഉറപ്പാണ് എൽ ഡി എഫ് എന്ന് പറഞ്ഞാണ് പാത്തൂസ് മാഷെ സ്വീകരിച്ചത്. ചാനലുകളുടെ ക്യാമറക്കണ്ണുകൾ കണ്ടപ്പോൾ പാത്തൂസ് പാട്ടുകൾ മൂളാൻ തുടങ്ങി. മോള് ശരിക്കും പാടൂ, മാഷൊന്ന് കേൾക്കട്ടെ എന്ന് സ്ഥാനാർഥിയായ അബ്ദുൽ വഹാബ് ആവശ്യപ്പെട്ടപ്പോൾ വിപ്ലവഗാനങ്ങളും സമരഗാനങ്ങളും വരിതെറ്റാതെ ഒഴുകിയെത്തി.
ഇടതുപക്ഷ പ്രവർത്തകനായ ലിജീഷിന്റെ വീട്ടിൽ പിണറായി വിജയന്റെ ചിത്രങ്ങളുണ്ട്. ലോക്ക് ഡൗൺ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ അലൈഖ കാണാറുണ്ടായിരുന്നു. ഇതാകാം, സഖാവിനെ അടുത്തു കണ്ടപ്പോൾ മകളെ ആവേശം കൊള്ളിച്ചതെന്ന് അമ്മ ധന്യ പറഞ്ഞു. പാത്തൂസിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ വൈറലായതിന് ശേഷമാണ് ലിജീഷ് കാണുന്നത്. മകൾ ചെറുപ്പത്തിലേ കാണിക്കുന്ന രാഷ്ട്രീയ ബോധമാണ് വൈറലായതെന്നും അതിൽ സന്തോഷമുണ്ടെന്നും ലിജീഷ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London