പ്രമുഖ വ്യവസായിയും ചലച്ചിത്രനിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റർ മൻഖൂൾ ഹോസ്പിറ്റലിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അറ്റ്ലസ് രാമചന്ദ്രൻറേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാൾ പോലും ആ മുഖം മറക്കാൻ സാധ്യതയില്ല.തൊട്ടതെല്ലാം പൊന്നാക്കിയ സ്വർണാഭരണ വ്യവസായി എന്ന നിലയിൽ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രൻ. നല്ല നിലയിൽ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയിൽ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രനെ വലച്ചിരുന്നു. കടബാധ്യതകളെ തുടർന്ന് അദ്ദേഹം ജയിൽ ശിക്ഷയും നേരിടേണ്ടി വന്നിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനേത്തുടർന്ന് 2015 ഓഗസ്റ്റിൽ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ ഉൾപ്പെടെ അദ്ദേഹത്തിൻറെ മോചനത്തിനായി പരിശ്രമിച്ചിരുന്നു.
കാനറാ ബാങ്ക് ജീവനക്കാരനായാണ് അറ്റ്ലസ് രാമചന്ദ്രൻ കരിയർ ആരംഭിച്ചത്.1974 മാർച്ചിലാണ് അദ്ദേഹം കുവൈത്തിലേക്ക് പോവുന്നത്. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിലെ ജോലിക്കിടയിലാണ് ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞത്. 1981 ഡിസംബറിലാണ് അറ്റ്ലസ് രാമചന്ദ്രൻ ആദ്യത്തെ ജ്വല്ലറി തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകൾ ഉണ്ടായിരുന്നു.
പ്രവാസികൾക്കിടയിലെ മികച്ച സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലെ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുൻനിരയിൽ പ്രവർത്തിച്ചു. ഹെൽത്ത് കെയർ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം പ്രവർത്തിച്ചു. അറ്റ്ലസ് ഹെൽത്ത് കെയർ ആശുപത്രി നിരവധി മലയാളികൾക്ക് സഹായകരമായിരുന്നു. തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കൾ : ഡോ. മഞ്ജു, ശ്രീകാന്ത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London