തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബറിടത്തിലെ അധിക്ഷേപങ്ങളില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജിയ്ക്ക് അന്വേഷണ ചുമതല. റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് കേസ് അന്വേഷിക്കുക. സൈബര്‍ പൊലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരെഞ്ഞെടുക്കാമെന്നും നിര്‍ദേശത്തിലുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാജ പ്രചരണങ്ങളില്‍ കൃത്യമായി തുടരന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പേരിലും മറ്റ് വാര്‍ത്തകളുടെ പേരിലുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇത് പിന്നീട് അധിക്ഷേപമായി മാറുകയായിരുന്നു.
കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലായിരുന്നു ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍. മനോരമ ന്യൂസ്. ജയ്ഹിന്ദ് ടിവി എന്നിവിടങ്ങളിലെ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെയും സൈബറിടത്തില്‍ മോശം പ്രചരണങ്ങളാണ് നടന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നടപടി ഉണ്ടായത്. ഇന്നലെ വിഷയത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി ആരോഗ്യകരമായ സംവാദമാകണം നടക്കേണ്ടതെന്നും വിഷയത്തില്‍ നടപടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു.
© 2019 IBC Live. Developed By Web Designer London