ആയുർവേദാചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ.പി.കെ വാര്യർ അന്തരിച്ചു. ആയുർവേദ ചികിത്സാരംഗത്ത് തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി കെ വാര്യർ. കഴിഞ്ഞ മാസമാണു 100-ാം ജന്മദിനം ആഘോഷിച്ചത്.
ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി.
ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂണിലായിരുന്നു ജനനം. പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാര്യർ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടയ്ക്കൽ ഗവ. രാജാസ് സ്കൂളിലാണ് അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലും പൂർത്തിയാക്കി. 1942ൽ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത പി.കെ. വാര്യർ പിന്നീട് തിരിച്ചെത്തി വൈദ്യ പഠനം പൂർത്തിയാക്കി.കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി 1944ൽ ചുമതലയേറ്റത് പി.കെ. വാര്യരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവ വാര്യരായിരുന്നു. 1953ൽ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ. വാര്യർ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച്ച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാര്യരുടെ ദീർഘവീക്ഷണത്തിൻറെ ഉദാഹരണങ്ങളാണ്. പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ ഡോ. കെ.ബാലചന്ദ്രൻ വാര്യർ, പരേതനായ കെ. വിജയൻ വാര്യർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ -രാജലക്ഷ്മി, രതി വിജയൻ വാര്യർ, കെ.വി. രാമചന്ദ്രൻ വാര്യർ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London