ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയതിനെതിരെ പ്രതിഷേധിച്ച് ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി അലോപ്പതി ഡോക്ടർമാരുടെ പണിമുടക്ക്. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തിലാണ് സമരം. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഒ.പി ബഹിഷ്കരണം. 11 മണിക്ക് രാജ്ഭവന് മുന്നിൽ ഡോക്ടർമാർ ധർണ നടത്തും.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഒപി ബഹിഷ്കരണം. കോവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സ്വകാര്യ പ്രാക്ടിസും ഉണ്ടാകില്ല.
ആയുർവേദ പോസ്റ്റ് ഗ്രാജുവേറ്റുകൾക്ക് വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻറെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. ആയുർവേദ ഡോക്ടർമാർക്ക്, ശസ്ത്രക്രിയക്ക് അനുമതി നൽകുന്നത് പൊതുജനാരോഗ്യത്തിന് എതിരാണെന്നാണ് ഐഎംഎയുടെ നിലപാട്. ഇന്നത്തെ സമരം കിടത്തി ചികിത്സയെ ബാധിക്കില്ല . കോവിഡ് ആശുപത്രികളും പ്രവർത്തിക്കും.
അതേസമയം സമരത്തിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ദിനം ആചരിക്കുമെന്നും അതിൻറെ ഭാഗമായി ഇന്ന് പരിശോധന സമയം വർധിപ്പിക്കുമെന്നും അറിയിച്ചു
© 2019 IBC Live. Developed By Web Designer London