ന്യൂഡല്‍ഹി: ബാബറി മസ്ജിത്ത് തകര്‍ത്ത കേസില്‍ വിധി പറയുന്ന സെപ്തംബര്‍ 30ന് എല്‍കെ അദ്വാനി, ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി അടക്കമുള്ള 32 പ്രതികളോട് ഹാജരാകണമെന്ന് പ്രത്യേക സിബിഐ കോടതി. കേസില്‍ വിധി പറയാനുള്ള തിയ്യതി ബുധനാഴ്ചയാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് പ്രഖ്യാപിച്ചത്. കേസിലെ 32 പ്രതികളുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. കേസില്‍ സെപ്റ്റംബര്‍ 30നുള്ളില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ ഒരുമിച്ചാണ് വിചാരണ നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അദ്വാനിയുടെ വാദം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചതെന്നും അദ്വാനി മൊഴി നല്കി. മുരളി മനോഹര്‍ ജോഷിയും കുറ്റം നിഷേധിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളാണ് കേസിലെ പ്രതികള്‍.
© 2019 IBC Live. Developed By Web Designer London