താനൂർ: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവർ ശ്രദ്ധിക്കുക നിങ്ങൾ ഏതു സമയവും പൊലീസ് വലയിലാകും. ഫേസ്ബുക്ക് മെസഞ്ചർ വഴിയും വാട്സ്ആപ് വഴിയും രണ്ടായിരത്തോളം സ്ത്രീകളെ ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകളെയാണ് ഫേസ്ബുക്ക് മെസഞ്ചർ വഴി നാല് വർഷത്തോളമായി ഇയാൾ അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തിയിരുന്നത്.
ഒടുവിൽ അതേവഴി തന്നെ താനൂർ പൊലീസ് തെരഞ്ഞെടുത്തു. സ്ത്രീയാണെന്ന വ്യാജേന നാല് ദിവസം ചാറ്റ് ചെയ്ത് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണിൽനിന്ന് ഫേസ്ബുക്ക് മെസഞ്ചർ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി.
സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നിരീക്ഷിച്ചുവരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും താനൂർ സി.ഐ പി. പ്രമോദ് പറഞ്ഞു. സീനിയർ സി.പി.ഒ സലേഷ് കാട്ടുങ്ങൽ, സി.പി.ഒ വിമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
© 2019 IBC Live. Developed By Web Designer London