ഡിക്സൺ ഡിസിൽവ
അറബിക്കടലിൻ്റെ ഉള്ളിലേക്കുള്ള യാത്ര.. അങ്ങനെ പറഞ്ഞാൽ കൂടുതലാവില്ല.
കരയിൽ നിന്നും ഒരു കിലോമീറ്റർ കടൽ കീറി കൊണ്ടുള്ള നടപ്പാത. പുലിമൂട്ടിനറ്റത്ത്,, നമ്മളും കലിതുള്ളും കടലും മാത്രം. തിരകളുടെ സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തിയതിൻ്റെ പ്രതിഷേധമെന്ന കണക്കെ പുലിമൂട്ടിൻ്റെ അറ്റത്ത് പ്രഹരമേല്പിച്ച്, രൗദ്രഭാവമണിയുന്ന ഉഗ്രൻ തിരമാലകൾ ആഞ്ഞടിക്കുന്നു. ഭയമാണോ, അത്ഭുതമാണോ അപ്പോൾ നമ്മുടെയുള്ളിൽ? രണ്ടും ചേർന്നത് എന്നതാവും ശരി.
കോഴിക്കോട് പട്ടണത്തിൽ നിന്നും പത്തു കിലോമീറ്റർ അകലെ.. ബേപ്പൂർ ബീച്ച് എന്നോ, ബേപ്പൂർ പുലിമൂട്ട് എന്നോ, ലോകാത്ഭുതമായ ഉരുകൾ ഉണ്ടാക്കുന്ന ഇടമെന്നോ, ബേപ്പൂർ പോർട്ട് എന്നോ എന്തുവേണമെങ്കിലും സഞ്ചാരികൾക്കിണങ്ങുന്ന പേരുനൽകി ഈ ഇടത്തെ വിളിക്കാം. എന്നാൽ ഇതെല്ലാം ചേർന്ന ഒരു പാക്കേജ് ആണിവിടം. അതിൽ, ബേപ്പൂർ പുലിമുട്ട് എന്നത് വേറിട്ട് നിൽക്കും. ഒരു കിലോമീറ്റർ നടന്നു,പുലിമൂട്ടിനറ്റത്ത് എത്തുമ്പോൾ, നമ്മളും സംഹാരതാണ്ഡവമാടുന്ന അറബികടലിന്റെ പടുകൂറ്റൻ തിരമാലകൾ തലതല്ലി തകരുന്ന ദൃശ്യവും മാത്രം.
ചാലിയാർ പുഴ അറബികടലിലേക്ക് സംഗമിക്കുന്ന അഴിമുഖം. പുഴ കടലിൽ ചെന്നുചേരുന്ന അപൂർവ്വ ഇടങ്ങളിലൊന്ന്. കടലും പുഴയും ചേരുന്ന അഴിമുഖത്തു നിന്നുള്ള സൂര്യാസ്തമന കാഴ്ച സഞ്ചാരികൾക്ക് അവിസ്മരണീയമാണ്. സായാഹ്നങ്ങളിൽ ഉല്ലസിക്കാൻ ബേപ്പൂരിലേക്ക് വരുന്നവർക്ക്, ഹൃദ്യമായ കാഴ്ചകളുമായി തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ് ഹൗസുമെല്ലാം കാത്തിരിക്കുന്നു. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായിപ്പണിത പുലിമുട്ടുകളാണ് മുഖ്യാകർഷണം. ഒരുകിലോമീറ്ററിലധികം ദൂരം വരുന്ന ഇൻ്റർലോക്ക് വിരിച്ച കടൽപ്പാതയിലൂടെയുള്ള നടത്തം വേറിട്ട അനുഭവമാണ്. തിരമാലകൾ ചുറ്റിലും ആഞ്ഞടിക്കുന്നതിനിടെ പുലിമുട്ടുകൾക്ക് ഇരുവശവുമായി ചിലപ്പോഴൊക്കെ ഡോൾഫിനുകളെയും കാണാം.
അടുത്തടുത്ത് രണ്ട് പുലിമൂട്ടുകൾ, ടൂറിസം വകുപ്പ് സഞ്ചാരികൾക്കായി നവീകരിച്ചിട്ടുള്ള ബേപ്പൂർ പുലിമുട്ട്. ഒരു ജങ്കാർ കയറി ചാലിയാറിലേക്ക് കടന്നാൽ മറ്റൊരു പുലിമുട്ട്. ചാലിയാറിൽ കരിങ്കല്ലുകൾ പാകി, സഞ്ചാരികൾ വളരെ സൂക്ഷിച്ച് പോകേണ്ട പുലിമുട്ട്. രണ്ട് പുലിമുട്ടിനുമിടയിൽ ബേപ്പൂർ ഫിഷറീസ് ഹാർബർ. തൊട്ടടുത്ത് ബേപ്പൂർ തുറമുഖം. കൊച്ചികഴിഞ്ഞാൽ കേരളത്തിലെ ഏററവും വലിയ രണ്ടാമത്തെ തുറുമുഖമാണ് കോഴിക്കോടിന്റെ ബേപ്പൂർ തുറമുഖം. ചാലിയത്തെ ബേപ്പൂർ ലൈറ്റ് ഹൗസ് ടവറിൽ കയറിയാൽ ബേപ്പൂർ തുറമുഖത്തിന്റെയും പുലിമുട്ടിന്റെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.
സൂനാമി പുനരധിവാസ ഫണ്ടിൽ നടപ്പാക്കിയ ബീച്ച് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 2011–ലാണ് ബേപ്പൂർ കടൽത്തീര വിനോദ സഞ്ചാര കേന്ദ്രം മോടിപിടിപ്പിച്ചത്. ഏറെക്കാലം ദുരവസ്ഥയിലായിരുന്ന ബീച്ചിൽ കഴിഞ്ഞ വർഷം 47 ലക്ഷം രൂപയുടെ പുനരുദ്ധാരണം നടത്തിയിരുന്നു. എന്നാൽ വെളിച്ച സംവിധാനം പൂർണ്ണമായും താറുമാറായതാണ് ബേപ്പൂർ ബീച്ചിലെ ഏറ്റവും വലിയ പോരായ്മ.
നവീകരണത്തിൻ്റെ ഒന്നാംഘട്ടത്തിനായി സംസ്ഥാന സർക്കാർ 5.9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സഞ്ചാരികൾക്കായി ഒരു മ്യൂസിയം, വ്യൂപോയിന്റ്, ഇരിപ്പിടസംവിധാനം, നടപ്പാത നവീകരണം, റെസ്റ്റോറന്റ്, കിയോസ്കുകൾ എന്നിവ ഒരുക്കും. പഴയ കഫറ്റേറിയ കെട്ടിടവും സെക്യൂരിറ്റി ഒാഫീസും ശൗചാലയങ്ങളും പൊളിച്ചുനീക്കി അർധവൃത്താകൃതിയിലുള്ള പുതിയ സമുച്ചയം നിർമിക്കും. ഒമ്പതുമാസംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുവാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. ജില്ലയിൽ കാപ്പാട് കഴിഞ്ഞാൽ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കടൽത്തീരമാണ് ബേപ്പൂർ. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവീകരണ പ്രക്രീയ പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ബേപ്പൂർ പുലിമുട്ട് മാറുമെന്നുറപ്പ്.
കുടുംബ സമേതം ഉല്ലസിക്കുവാൻ എത്തുന്നവർക്ക് ഇവിടമൊരു ഇടിവെട്ട് പാക്കേജ് ആണ്. ബീച്ചും, തുറമുഖവും, ഫിഷിങ്ങ് ഹാർബറും, ചാലിയം പുലിമുട്ടും, ലൈറ്റ് ഹൗസും,ഉരു നിർമ്മാണ കേന്ദ്രവും, പക്ഷിസങ്കേതവും അടങ്ങുന്ന വിശാലമായ പാക്കേജ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London