ട്രംപിൻ്റെ വിവാദ ഉത്തരവുകൾ തിരുത്തി പുതിയ യു എസ് പ്രസിഡൻറ് ജോ ബൈഡൻ. ആദ്യ ദിനം ഒപ്പിട്ടത് 17 ഉത്തരവുകളിൽ. 13 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി, പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി, പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ തീരുമാനം തിരുത്തി, ലോകാരോഗ്യസംഘടനയുമായുള്ള സഹകരണം പുനരാരംഭിക്കും, അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നത് വേഗത്തിലാക്കും, യു എസ് മെക്സിക്കോ അതിർത്തിയിലെ മതിൽ നിർമാണം നിർത്തിവെച്ചു, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ പങ്കാളിത്തം എന്നിവയടക്കം 17 ഉത്തരവുകളിലാണ് ജോ ബൈഡൻ ഒപ്പുവെച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റതിന് പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻറെ വിവാദ ഉത്തരവുകൾ ജോ ബൈഡൻ തിരുത്തിയിരിക്കുന്നത്. പൊതുസ്ഥാപനങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതിന് പുറമെ, കോവിഡ് മഹാമാരി നിയന്ത്രണ വിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ അടിയന്തര നടപടികളും ബൈഡൻ സ്വീകരിച്ചു. വാക്സിൻ വിതരണ ഏകോപനച്ചുമതലയുൾപ്പെടെ കോവിഡിനെതിരെ കർമസേന രൂപീകരിക്കുന്നതും ബൈഡൻറെ മുൻഗണനയിലുണ്ട്.
2017ൽ മുൻ പ്രസിഡൻറ് ട്രംപിൻ്റെ വിവാദ ഉത്തരവിൽ ഒന്നായിരുന്നു മുസ്ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങൾ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക്. ഇതാണ് ബൈഡൻ ഇപ്പോൾ നീക്കിയിരിക്കുന്നത്. യുഎസ് മെക്സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതിൽനിർമാണത്തിൻറെ ഫണ്ട് മരവിപ്പിക്കൽ, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോൺ എക്സ്എൽ പൈപ്പ്ലൈൻ പദ്ധതി റദ്ദാക്കൽ എന്നിവയാണ് മറ്റ് ഉത്തരവുകൾ.
വംശീയാടിസ്ഥാനത്തിൽ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിൻറെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോൺഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെൻസസിൽ പൗരത്വമില്ലാത്തവരെയും ഉൾപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London