കൂനൂർ (ഊട്ടി): തമിഴ്നാട്ടിലെ കൂനൂരിൽ അപകടത്തിൽപ്പെട്ടു തകർന്ന വ്യോമസേനയുടെ മി-17 വി.അഞ്ച് ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ആഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഹെലികോപ്റ്ററിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചതെന്നും ആഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ജനറൽ ബിപിൻ റാവത്തിന് പുറമേ ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലഫ് കേണൽ ഹർജീന്ദർ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരാണ് മരിച്ചത്.
കോയമ്പത്തൂർ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ (ഡി.എസ്.എസ്.സി.) നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി സേനാ മേധാവിയടക്കമുള്ളവർ പുറപ്പെട്ടത്. 12.05-ഓടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ സൂലൂർ വ്യോമസേനാ താവളത്തിൽ നിന്ന് 11.35-ന് പുറപ്പെട്ട് 12.20 വെല്ലിങ്ടണിൽ ഇറങ്ങേണ്ടതായിരുന്നു. കനത്ത മഞ്ഞുനിറഞ്ഞ മോശം കാലാവസ്ഥ കാരണം താഴ്ന്നാണ് പറന്നിരുന്നത്. കാട്ടേരിയിലെ നഞ്ചപ്പഛത്രം മലകൾക്കിടയിലെ മരക്കമ്പിൽ തട്ടി തകർന്നുവീഴുകയായിരുന്നു എന്നാണ് സംശയം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London