നാമനിർദേശ പത്രിക തള്ളിയതിനെതിരെ ബി ജെ പി സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിങ് ചേർന്ന് ഹർജി പരിഗണിക്കും. ഗുരുവായൂർ, തലശ്ശേരി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ദേവികുളത്തെ സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്നാണ് സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടത്. രജിസട്രാർക്ക് പ്രത്യേക അപേക്ഷയും നൽകി. അവധി ദിനമായതിനാൽ ഇന്ന് രണ്ട് മണിക്ക് പ്രത്യേക സിറ്റിങ് നടത്തുമെന്നാണ് അറിയുന്നത്.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് മൂന്നിടത്ത് എൻഡിഎ സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയത്. തലശ്ശേരിയിൽ എൻ. ഹരിദാസിൻറെയും ദേവികുളത്ത് ആർ. എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.
സംസ്ഥാന അധ്യക്ഷൻറെ ഒപ്പില്ലാത്ത കാരണത്താലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകൾ തള്ളിയത്. ബിജെപി കണ്ണൂർ ജില്ലാപ്രസിഡൻറായ തലശ്ശേരിയിലെ സ്ഥാനാർഥി എൻ. ഹരിദാസിൻറെ പത്രികയിൽ ബിജെപി ദേശീയ അധ്യക്ഷൻറെ ഒപ്പുണ്ടായിരുന്നില്ല. മഹിളാ മോർച്ച അധ്യക്ഷയായ ഗുരുവായൂർ സ്ഥാനാർഥി സി. നിവേദിതയുടെ പത്രികയിൽ സംസ്ഥാന അധ്യക്ഷനും ഒപ്പുവെച്ചില്ല. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി. തലശ്ശേരിയിലും ഗുരുവായൂരിലും എൻഡിഎക്ക് ഡമ്മി സ്ഥാനാർഥികളില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London