തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ മൈക്ക് പിടിച്ച് വാങ്ങി, ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബി ജെ പി ജില്ലാ നേതാവ് അറസ്റ്റിൽ. കൊടുങ്ങാനൂർ സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിത് സി നായരെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
ബി ജെ പിയിൽ നിന്ന് രാജിവെച്ച് കോർപ്പേറഷൻ കൊടുങ്ങാനൂർ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.
പ്രചാരണം നടത്തിക്കൊണ്ടിരിക്കെ വാഹനത്തിന്റെ അടുത്തേക്ക് എത്തിയ രഞ്ജിത് മൈക്ക് പിടിച്ചുവാങ്ങുകയും തന്നേയും ഭർത്താവിനേയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സിന്ധു പരാതിയിൽ പറയുന്നു. എന്നാൽ തൻ്റെ വീടിന് മുന്നിലെത്തി സിന്ധുവിന്റെ ഭർത്താവ് മൈക്കിലൂടെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചതായി രഞ്ജിത് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി രഞ്ജിത്തും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London