മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലെ നുണനിർമ്മാണ യന്ത്രം ചാർജ്ചെയ്യുന്നത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജില്ലയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അവർ.
ദിവസവും രാവിലെ പുതിയ നുണകൾ വേണമെന്ന് ചെന്നിത്തല പ്രാർഥിക്കുകയാണ്. ‘യന്ത്രം’ പറഞ്ഞതനുസരിച്ചാണ് പാവങ്ങളുടെ റേഷനും കിറ്റും മുടക്കാൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചെങ്കിലും ഹൈക്കോടതിയിൽ തിരിച്ചടി കിട്ടി. കേരളത്തിലെത്തുന്ന കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ചെന്നിത്തലയുടെ വീട്ടിൽപോയി യന്ത്രത്തിന് കേടുണ്ടോയെന്ന് പരിശോധിച്ചു. അപ്പോഴാണ് ചാർജർ ശരിയല്ലെന്ന് കണ്ടത്. അത് കെ സുരേന്ദ്രൻ ചാർജ്ചെയ്യുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഇരുകൂട്ടരും ചേർന്ന് പുതിയ നുണ നിർമ്മിക്കാൻ തലപുകഞ്ഞ് ആലോചിക്കുകയാണ്. ഇങ്ങനെ പടച്ചുവിടുന്ന നുണകൾ കേന്ദ്ര നേതാക്കൾ ആവർത്തിക്കുന്നു. സത്യത്തിന്റെ കണിക പോലുമില്ലാത്ത ഇവ ജനങ്ങൾ വിശ്വസിക്കുന്നില്ല.
നാലു വോട്ടിനുവേണ്ടി ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ് യുഡിഎഫ്. ഉപ്പുവച്ച കലംപോലെ യുഡിഎഫ് മാറി. ലീഗ് സ്ഥാനാർത്ഥിക്ക് വോട്ട്ചെയ്യണമെന്നാണ് ബിജെപി എംപി സുരേഷ്ഗോപി പറയുന്നത്. പൗരത്വ രജിസ്റ്റർ പൂരിപ്പിക്കാൻ സഹായിക്കുമെന്നാണ് ലീഗ് സ്ഥാനാർഥി കെ എൻ എ ഖാദറിന്റെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്ന ന്യൂനപക്ഷത്തെ വഞ്ചിക്കുകയാണ് ലീഗ്. കൊറോണ വൈറസിനേക്കാൾ വലിയ വൈറസാണ് ആർഎസ്എസ്–ബിജെപി വൈറസ്. മോഡിയും അമിത്ഷായും ചേർന്ന ഇരട്ട വൈറസാണത്. ദുരിതകാലത്ത് പുതിയ നിയമങ്ങളിലൂടെ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വില കൂട്ടി ജനങ്ങളുടെ പോക്കറ്റിൽ കൈയിട്ട് മോഡി പോക്കറ്റ് വീർപ്പിക്കുന്നു.
ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശബ്ദിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് മടിയാണ്. കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിൽ മിണ്ടുന്നില്ല. അവർ കേരളത്തിൽ നിർമ്മിച്ച പ്രത്യേക ഫെവിക്കോൾ ചുണ്ടിൽ പുരട്ടിയാണ് ലോക്സഭയിലെത്തുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London