മലപ്പുറം: ഇന്ത്യാമഹാരാജ്യത്തിന്റെ സാംസ്കാരിക പൈതൃകം എന്നു പറയുന്നത് കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമാണെന്നും, മോദിസർക്കാർ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ അപ്പാടെ വിസ്മരിച്ചു കൊണ്ടാണ് ഈ മൂന്ന് കാർഷിക ഭേദഗതിബില്ലുകളും പാസാക്കിയെടുത്തിട്ടുള്ളതെന്നും കിസാൻസഭാ ദേശീയ കൗൺസിൽ അംഗം പി തുളസീദാസ് മേനോൻ പറഞ്ഞു. മലപ്പുറത്തു വെച്ച് നടക്കുന്ന അനിശ്ചിതകാല കർഷക സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ രാജ്യത്തിലെ കർഷകസമൂഹത്തിന്റെ നാശം കാണുവാൻ ആഗ്രഹിക്കുന്നവരാണെന്നും, സവർണ്ണ ഫാസിസ്റ്റു ചിന്താഗതിക്കാരായ ഇക്കൂട്ടർ നമ്മുടെ രാജ്യത്തിനെതന്നെ പണയപ്പെടുത്തുന്ന രീതിയിൽ ദുർഭരണം നടത്തുകയാണെന്നും, ഭക്ഷ്യസുരക്ഷ കാക്കുന്ന കാവൽഭടന്മാരായ കർഷകരെ ഉന്മൂലനം ചെയ്ത് ഈ മേഖല കോർപ്പറേറ്റ്വൽക്കരിക്കുവാനാണ് ഇവരുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അത്യന്തം അപകടം നിറഞ്ഞ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന കേന്ദ്ര സർക്കാർ പാസ്സാക്കിയെടുത്ത ഈ മൂന്ന് കാർഷിക ഭേദഗതിബില്ലുകളും യാതൊരു വിധ ഉപാധികളും കൂടാതെ പിൻവലിക്കണമെന്നും തുളസീദാസ് മേനോൻ ആവശ്യപ്പെട്ടു.
സമരകേന്ദ്രത്തിൽ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി സി ദിവാകരൻ, കിസാൻ സഭാ ജില്ലാ ജോയിന്റ് സെക്രട്ടറി പുലത്ത് കുഞ്ഞു, കിസാൻജനതാ ജില്ലാ സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, എൽജെഡി ജില്ലാ സെക്രട്ടറി അലി പുല്ലിതൊടി, എഐടിയുസി ജില്ലാ സെക്രട്ടറി എംഎ റസാക്ക്, ജോയിന്റ് കൗൺസിൽ ജില്ലാ നേതാവ് സുജീഷ്, ഐഎഎൽ. ജില്ലാ പ്രസിഡന്റ് അഡ്വ. പിസി മൊയ്തീൻ, പ്രീപ്രൈമറി ടീച്ചേർസ് യൂണിയൻ ജില്ലാ പ്രസിഡന്റ് സജിത എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കിസാൻ സഭാ ജില്ലാഎക്സിക്യൂട്ടീവ് അംഗം ബാബൂ കൊട്ടപ്പുറം സ്വാഗതവും, ടികെ സുരേഷ് പള്ളിക്കൽ നന്ദിയും പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London