ലീഗ് മുഖ പത്രമായ ചന്ദ്രികയിൽ 50 ശതമാനം ശമ്പളം വെട്ടി കുറച്ചു. കോവിഡ് മറവിലാണ് തൊഴിലാളികളുടെ ശബളം വെട്ടിച്ചുരുക്കിയത്. അതേ സമയം, അഴിമതിക്ക് നേതൃത്വം നൽക്കുന്ന ചന്ദ്രിക ഫിനാൻസ് ഡയറക്ടറെ പുറത്താക്കി പത്രത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇടവേളക്ക് ശേഷം വീണ്ടും തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ സമരം ചന്ദ്രികയിൽ ജീവനക്കാർ ആരംഭിക്കാനിരിക്കുകയാണ്. അണികൾക്ക് ഇടയിൽ ലീഗിലെ അഴിമതി ആരോപണം നേരിടുന്നവരുടെ സംരക്ഷണത്തിനായുള്ള മറയായി പാർട്ടി പത്രം ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
2016 നു ശേഷമാണ് ചന്ദ്രിക പത്രത്തിനു തകർച്ച ആരംഭിച്ചത്. 500, 1000 രൂപ നോട്ട് നിരോധന കാലയളവിൽ പത്രത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 10 കോടി രൂപ വാർഷിക വരിക്കാരെ ചേർത്തു എന്ന വ്യാജേന ഒറ്റയടിക്ക് നിക്ഷേപിക്കുകയായിരുന്നു. ഈ തുക പിന്നീട് ലീഗ് പ്രമുഖ നേതാവിന്റെ വിവിധ ബിനാമികൾ ചന്ദ്രിക പത്രത്തിൽ നിന്നും പിൻവലിച്ചു. ചന്ദ്രിക പത്രത്തിലേക്ക് “ദേ വന്നൂ 10 കേടി ദേ പോയി10 കോടി “. ഇതോടെ നിക്ഷേപത്തിന്റെ ഉറവിട വിഷയത്തിലെ അവ്യക്ത ബോധ്യമായതോടെ ഇൻകംടാക്സ് ഡിപ്പാർട്ട് മെന്റ് 2 കോടി 32 ലക്ഷം രൂപ പ്രാഥമികമായി പിഴ അടക്കാൻ നോട്ടീസ് നൽകി. വലിയ പിഴ അടക്കേണ്ടി വന്നതോടെയാണ് പത്രത്തിന് ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്. പാലാരിവട്ടം പാലം അഴിമതിയിൽ ലഭിച്ച തുക ലീഗ് മുഖപത്രമായ ചന്ദ്രികയിലൂടെ വെളുപ്പിച്ചുവെന്ന വിഷയത്തിൽ ലീഗിന്റെ മുൻ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്റെ പേരിൽ ഹൈകോടതിയിൽ കേസും വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.
10 കോടി വെളുപ്പിച്ച വിഷയത്തിൽ ചന്ദ്രിക പത്രത്തിനു എതിരെ കേന്ദ്ര എൻഫോഴ്സ്മെന്റ്, കേരള വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. പത്രത്തിന്റെ ആസ്ഥാന ഓഫീസിൽ നടത്തിയ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചിരുന്നു. ഹൈകോടതിയിൽ ഹരജി നൽകിയ പരാതിക്കാരനായ ഗിരീഷ് ബാബുവിനെ പണം നൽക്കി സ്വാധീനിക്കാൻ ശ്രമിച്ച വിഷയത്തിൽ ഹൈകോടതി അന്വേഷണത്തിനു ഇപ്പോൾ ഉത്തരവിട്ടുണ്ട്. അന്വേഷണ നിർജീവതയും വിവരങ്ങളുടെ ചോർച്ചയും വീണ്ടും വിവാദ മായതോടെ വിജിലൻസ് അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. ചന്ദ്രിക പത്രത്തിന്റെ 2016-17 ലെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മെമ്പർ മാർക്ക് വിതരണം ചെയ്ത പ്രിൻറഡ് ലാഭ നഷ്ട കണക്കിന്റെ ബുക്കിൽ 10 കോടി രൂപ വരി സംഖ്യ കണക്ക് കണ്ടതോടെ അംഗങ്ങൾ വിശദീകരണം ചോദിച്ചതോടെ യോഗം പിരിച്ച് വിടുകയായിരുന്നു. ഗുരുതര പ്രതിസന്ധി കാരണം ഇപ്പോൾ ചില യൂണിറ്റുകളിൽ മാസങ്ങളായി ജീവനകാർക്ക് ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരിൽ നിന്നും പിരിച്ച പ്രൊവിഡന്റ് ഫണ്ട് തിരിമറി നടത്തിയ പരാതിയിലും അന്വേഷണം നടക്കുന്നു.
നല്ല വരുമാന ഉണ്ടായിരുന്ന ഗൾഫ് എഡിഷൻ ചന്ദ്രിക കൈവശം ആക്കിയത് ആരെന്നും ഓൺ ലൈൻ ചന്ദ്രിക വിറ്റത് ആർക്ക് വേണ്ടി യെന്ന ചോദ്യവും ഉയരുന്നുണ്ട്. ചന്ദ്രികയുടെ ആസ്ഥാന ഓഫീസ് സ്ഥിതി ചെയ്യുന്ന കോഴിക്കോട് കെട്ടിടം, ഭൂമി എന്നിവ കൈക്കലാക്കാൻ തിരക്കഥ തയ്യാറാക്കുന്നതായും അണിയറയിൽ സംസാരമുണ്ട്. ‘ചന്ദ്രികയുടെ സംരക്ഷണത്തിനായി 2020 ജനുവരിയിൽ പാർട്ടി അണികളിൽ നിന്നും പിരിച്ച 30 കോടി രൂപ കാണാതായതായും പറയപ്പെടുന്നു. വിഷയങ്ങൾ നില നിൽക്കെയാണ് ശമ്പളം പകുതിയായി കുറച്ചു കൊണ്ട് ഫിനാൻസ് ഡയറക്ടർ ഉത്തരവിറക്കിയിട്ടുള്ളത്. ഇത് പത്രത്തിലും പാർട്ടിയിലും വൻ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കും.
© 2019 IBC Live. Developed By Web Designer London