ന്യൂഡല്‍ഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നും പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷെങ്ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ച് നീരീക്ഷിക്കുന്നത് എന്നും റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കേന്ദ്ര മന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍ എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നു.
ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ചൈനീസ് കമ്ബനി നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ. എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കമ്ബനി തയ്യാറായിട്ടില്ല. അതേസമയം ഇത്തരത്തില്‍ ഇന്ത്യക്കാരെ നിരീക്ഷിക്കാന്‍ ആരെയും ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.
© 2019 IBC Live. Developed By Web Designer London