കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കൊവിഡ് വാക്സിൻ സൗജന്യമായി കേരളത്തിൽ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻറെ നഗ്നമായ ലംഘനം ആണെന്നാണ് വി മുരളീധരൻ പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം സർക്കാർ തലത്തിൽ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിർദേശം പാലിക്കാതെയാണ് മുഖ്യമന്ത്രിയുടെ നടപടി.
വാക്സിൻ വിതരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം കൈകൊള്ളും മുൻപ് തന്നെ വിതരണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻറെ അനുമതി ഉണ്ടോയെന്ന് വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുമെന്ന് വ്യക്തമായ സാഹചര്യത്തിൽ വാഗ്ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ ഒരു നിർദേശമോ തീരുമാനമോ എടുത്തില്ലെന്നാണ് വ്യക്തമാകുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
© 2019 IBC Live. Developed By Web Designer London