ഉത്ര കൊലചെയ്യപ്പെട്ടതിൽ അസ്വഭാവികതയുണ്ടെന്ന് ഡോക്ടറുടെ മൊഴി നൽകി. കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസർ ഡോ. ജെ.കിഷോർകുമാറാണ് കോടതിയിൽ മൊഴിനൽകിയത്. മൂർഖൻ പാമ്പ് രണ്ട് പ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാവില്ലെന്നും സ്വാഭാവികമായി കടിക്കാൻ സാധ്യതയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്കുകാണിക്കുന്ന പാമ്പാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല. -ഉത്ര വധക്കേസ് വിചാരണയിൽ സാക്ഷിയായ അദ്ദേഹം പറഞ്ഞു. കടികൾ രണ്ടും ഒരേസ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് കാണിക്കുന്നത്. മൂർഖൻ ജനൽവഴി കയറണമെങ്കിൽ അതിന്റെ മൂന്നിലൊന്ന് ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ല. ഉത്രയെ പാമ്പ് കടിക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനൽകി.
കൂടാതെ അണലി കടിച്ചപ്പോൾ ഉത്രയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തി. അണലി കടിച്ചശേഷം കൊണ്ടുവരാൻ താമസിച്ചതിനു കാരണംചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയയാൾ തൃപ്തികരമായ മറുപടിതന്നില്ലെന്നാണ് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് പറഞ്ഞത്. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നെന്നും പ്രാഥമികമായി മരുന്നുകൾ നൽകിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും കൂട്ടിച്ചേർത്തു.
അത്യാസന്നനിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ എന്തോ കൈയിൽ കടിച്ചതാണെന്നുപറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയെന്ന് അഞ്ചൽ സെൻറ് ജോസഫ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദർ മൊഴിനൽകി. പരിശോധനയിൽ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ്കൊണ്ടുതുടച്ചപ്പോൾ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി. പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുൻപ് അണലി കടിച്ചവിവരം മനസ്സിലാക്കിയതെന്നും മൊഴിനൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London