മലപ്പുറം: മലപ്പുറം മമ്പാട് എംഇഎസ് കോളേജ് പരിസരത്ത് നാട്ടുകാരുടെ ഭീഷണി ഫ്ലെക്സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാർക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാർത്ഥികൾ തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും ഇത് സദാചാര ഗുണ്ടായിസമല്ലെന്ന് അവകാശപ്പെടുന്ന ഫ്ലെക്സിൽ കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണിതെന്നും സൂചിപ്പിക്കുന്നു. കോളേജിൽ നടക്കുന്ന പരിപാടികൾ കഴിഞ്ഞ് വൈകിയും വിദ്യാർത്ഥികൾ പ്രദേശത്ത് തുടരുന്നതും തമ്മിൽ ഇടപഴകുന്നതും തങ്ങൾക്ക് അലോസരമുണ്ടാക്കുന്നു, വിദ്യാർത്ഥികൾ തമ്മിൽ തല്ലുണ്ടാക്കുന്നതും ഇവർ ലഹരി ഉപയോഗം നടത്തുന്നതും തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വിദ്യാർത്ഥികൾ തമ്മിൽ തല്ലുണ്ടായതിന് പിന്നാലെ പൊലീസിനെ അറിയിച്ചെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് ഫ്ലെക്സ് വെച്ചത് എന്നാണ് ഇവർ അറിയിക്കുന്നത്. ഫ്ലെക്സ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ അഞ്ച് മണിയെന്നത് ആറു മണിയാക്കി തിരുത്തിയിട്ടുണ്ട്. ഫ്ലെക്സിനെതിരെ വ്യാപകമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്.
ഫ്ലെക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്: എംഇഎസ് മമ്പാട് കോളേജ് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ഈ പരിസരത്ത് കോളേജ് സമയം കഴിഞ്ഞതിന് ശേഷവും ആൺകുട്ടികളും പെൺകുട്ടികളും തമ്പടിക്കുകയും ലഹരി ഉപയോഗം നടത്തുന്നതായും, വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം അക്രമത്തിൽ പെടുന്നതായും ശ്രദ്ധയിൽ പെട്ടിരിക്കുന്നു. കൂടാതെ അവരുടെ സദാചാര മര്യാദയില്ലാത്ത പെരുമാറ്റവും നാട്ടുകാർക്ക് അലോസരമുണ്ടാക്കുന്നു. ആയതിനാൽ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്തോ പ്രദേശത്തോ വിദ്യാർത്ഥികളെ കാണാനിട വന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏൽപിക്കുന്നതുമാണ്. ഇത് സദാചാര ഗുണ്ടായിസമല്ല. വളർന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London