മലപ്പുറം ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു. നിലമ്പൂർ അമൽ കോളജിലെ കായികാധ്യാപകനും കണ്ണൂർ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തിൽപ്പെട്ടത്. ഭാര്യയുടെ മാതൃ സഹോദരിയുടെ ഭർത്താവ് ഹുസൈൻ, അവരുടെ പിതാവ് മുഹമ്മദ് കുട്ടി എന്നിവർക്കൊപ്പമാണ് നജീബ് കുളിക്കാനിറങ്ങിയത്.ഭാര്യയും കുട്ടികളുമടക്കമുള്ളവർ പുഴക്കരയിൽ എത്തിയിരുന്നെങ്കിലും പുഴയിൽ ഇറങ്ങിയിരുന്നില്ല.
കുളിക്കുന്നതിനിടെ ശരീരം തളർന്ന മുഹമ്മദ് കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നജീബ് വെള്ളത്തിൽ മുങ്ങിയത്. ഹുസൈനും മുഹമ്മദ് കുട്ടിയും ഒഴുക്കിൽപ്പെട്ടെങ്കിലും സമീപത്ത് മീൻപിടിക്കുകയായിരുന്ന നിലമ്പൂർ ചാരംകുളം സ്വദേശി ഷാജി രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിശമന സേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയാണ് 9.20 ഓടെ നജീബിന്റെ മൃതദേഹം അപകടം നടന്ന കടവിന് സമീപത്തു നിന്ന് കണ്ടെടുത്തത്. മൃതദേഹം പോലീസ് ഇൻക്വസ്റ്റിന് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെയ്സ് ബോൾ ടീം മാനേജറായ നജീബ് അസമിൽ നടക്കുന്ന ദേശീയ ബെയ്സ് ബോൾ ചാമ്പ്യൻഷിപ്പിന് യൂണിവേഴ്സിറ്റി ടീമിനൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London