കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ കണ്ടെത്തുക. സംഘടനാ തെരഞ്ഞെടുപ്പ് മേയിൽ നടത്തുമെന്നും പ്രവൃത്തക സമിതി യോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ച് മാസങ്ങൾക്ക് മുൻപ് ചേർന്ന പ്രവർത്തക സമിതി തീരുമാനിച്ചത് ആറുമാസത്തിനുള്ളിൽ സ്ഥിരം അധ്യക്ഷനെ നിയോഗിക്കാനായിരുന്നു. അതിന് സാധിക്കാത്തതിനാൽ ഇതിനായുള്ള സമയപരിധി പ്രവർത്തക സമിതി ആറ് മാസം കൂടി ദീർഘിപ്പിച്ചു. അതുവരെ സോണിയാ ഗാന്ധി തന്നെ താത്ക്കാലിക അധ്യക്ഷയായി തുടരും. മേയ്-ജൂൺ മാസങ്ങളിൽ പൂർത്തിയാകും വിധം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ന് ചേർന്ന പ്രവർത്തക സമിതി തീരുമാനിച്ചു.
ഓൺലൈനായി ചേർന്ന ഇന്നത്തെ പ്രവർത്തക സമിതിയിൽ അംഗങ്ങൾ ഒൺലൈനായി തന്നെ കടുത്ത വാഗ്വാദത്തിൽ ഏർപ്പെട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് രൂക്ഷമായ ഭാഷയിലാണ് വിമതപക്ഷത്തെ കടന്നാക്രമിച്ചത്. ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും ഉൾപ്പെട്ട ജി.23 അസമയത്ത് വിമർശനം ഉന്നയിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കി, വിമതരും ശക്തമായ ഭാഷയിൽ വിമർശങ്ങളെ പ്രതിരോധിച്ചു. എന്നാൽ രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണം എന്ന കാര്യത്തിൽ ഇരു പക്ഷത്തിനും തർക്കം ഉണ്ടായിരുന്നില്ല. താൻ തെരഞ്ഞെടുപ്പിനെ നേരിടും എന്ന് തോന്നിപ്പിക്കും വിധമായിരുന്നു രാഗഹുൽ ഗാന്ധിയുടെയും പ്രതികരണം.
കർഷകസമരം, പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങിയ വിഷയങ്ങളും ഇന്നത്തെ യോഗം പരിഗണിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്താനും യോഗം തീരുമാനിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London