ലാലൂരിലെ ഐ എം വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണം ഏപ്രിലിൽ പൂർത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ഐ എം വിജയനോടൊപ്പം സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. ജീവിച്ചിരിക്കുന്ന ഫുട്ബോൾ ഇതിഹാസത്തിന്റെ പേരിൽതന്നെ സ്റ്റേഡിയം നിർമ്മിക്കാനായതിൽ ഏറെ അഭിമാനമുണ്ട്.
നിർമ്മാണ പൂർത്തീകരണത്തിന് നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾ ഉടൻ മാറ്റും. നീക്കം ചെയ്യാൻ ബാക്കിയുള്ള മാലിന്യങ്ങൾ ഉടൻ തന്നെ മാറ്റി സ്റ്റേഡിയത്തിലേക്കുള്ള റോഡ് നിർമ്മാണവും പൂർത്തീകരിക്കും. ഈ സർക്കാരിന്റെ കാലഘട്ടത്തിൽ തൃശൂർ നിയോജക മണ്ഡലത്തിൽ നാല് പ്രധാന ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കേരള പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പദവി നേടിയ ഐ എം വിജയനെ മന്ത്രി അനുമോദിച്ചു.
14 ഏക്കറിൽ കിഫ്ബിയുടെ 70.56 കോടി രൂപ ധനസഹായത്തോടെയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ടർഫും, 2000 പേർക്കിരിക്കാവുന്ന ഗാലറിയും ഉൾപ്പെടുന്നതാണ് ഫുട്ബോൾ മൈതാനം. കൂടാതെ നാലുനില ഇരിപ്പിടങ്ങൾ ഉള്ള പവലിയൻ കെട്ടിടം, വിവിധ കായിക ഇനങ്ങൾക്കുള്ള ഇൻഡോർ സ്റ്റേഡിയം, അത്യാധുനിക സൗകര്യങ്ങളോടെ നീന്തൽ കുളം, ടെന്നീസ് കോർട്ട്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, 5 ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണികൾ, വി ഐ പി വിശ്രമ മുറികൾ തുടങ്ങിയവയും സ്പോർട്സ് കോംപ്ലക്സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മാലിന്യ കേന്ദ്രമായിരുന്ന ലാലൂരിലെ ഈ പ്രദേശം കോർപ്പറേഷന്റെ മാലിന്യ സംസ്കരണ നയത്തിലൂടെ മാറ്റിയെടുത്തതോടെയാണ് സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണം നടത്താൻ തീരുമാനിച്ചത്. ഉറവിട മാലിന്യ സംസ്കരണവും, മാലിന്യ വിൽപ്പനയും കോർപ്പറേഷൻ നടപ്പാക്കിയതോടെ ലാലൂർ മാലിന്യക്കൂമ്പാരത്തിൽ നിന്നും മോചിതമായി. അതോടെയാണ് സ്പോർട്സ് കോപ്ലക്സ് നിർമ്മാണത്തിനായി സ്ഥലം കായിക വകുപ്പിന് കൈമാറിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London