തിരുവനന്തപുരത്ത് കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരം. എവിടെ നിന്നാണ് കൊറോണ വൈറസ് പിടിപ്പെട്ടത് എന്നാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ ഇദ്ദേഹം അടുത്ത കാലത്തൊന്നും വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. രോഗബാധയുള്ളവരുമായും ഇദ്ദേഹം അടുത്ത് ഇടപെട്ടിട്ടില്ല. ഐസൊലേഷൻ വാർഡിലെ ഐ.സി.യുവിലുള്ള ഇദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമായതിനാൽ തന്നെ വിവരങ്ങൾ ചോദിച്ചറിയുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുക എളുപ്പമല്ല. പരമാവധി വിവരങ്ങൾ ബന്ധുക്കളോട് ചോദിച്ചറിഞ്ഞ് റൂട്ട് മാപ്പ് തയ്യാറാക്കുനുള്ള നീക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്.
അറുപത്തെട്ടുകാരനായ ഇദ്ദേഹം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിൻ്റെ ബന്ധുക്കളുടെ യാത്ര വിവരങ്ങളും ജില്ലാ ഭരണകൂടം ശേഖരിക്കുന്നുണ്ട്. അടുത്തിടെ ഇദ്ദേഹത്തിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനടുത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വെഞ്ഞാറമൂടുള്ള ഒരു സ്വകാര്യ മെഡിക്കൽകോളേജിലും ചികിത്സ തേടി. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഈ മാസം 24ാംതീയതി മുതൽ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിൻ്റെ ആദ്യ പരിശോധനഫലം നെഗറ്റീവും രണ്ടാമത്തെ ഫലം പോസിറ്റീവും ആവുകയായിരുന്നു. ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് ആരോഗ്യവകുപ്പ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.
© 2019 IBC Live. Developed By Web Designer London