കേരളത്തിൽ കൊവിഡ് ബാധിച്ച് മൂന്നാമത്തെ മരണം. പരിയാരം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ഇയാൾ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെട്ടു എന്നാണ് കരുതുന്നത്. അടുത്തിടപഴകിയ ഇരുപത്തെട്ടുപേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മാർച്ച് 26നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. തുടർന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി എത്തിയത്.
രൂക്ഷമായ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 31ന് അഡ്മിറ്റായി. അസുഖം കടുത്തതോടെ അന്ന് വൈകുന്നേരം അദ്ദേഹത്തെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കോവിഡ് സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തത്. മരിച്ചയാൾ ധാരാളം പേരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പള്ളിയിൽ പോകുകയും മകന്റെ കൂടെ പെണ്ണുകാണൽ ചടങ്ങിന് പോകുകയും ചെയ്തിരുന്നു. ഇയാൾ ന്യൂ മാഹി, പന്ന്യന്നൂർ, ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയതായും വിവാഹത്തിലുൾപ്പെടെ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഇയാൾക്ക് തലശേരിയിലും മറ്റും നിരവധി ബന്ധങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്കാരച്ചടങ്ങുകളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭാര്യ: ആയിഷ. മക്കൾ: നദീം, സഹല എന്നിവരാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London