ന്യൂഡല്‍ഹി: സുപ്രീം മുന്‍ കോടതി വനിതാ ജീവനക്കാരിക്കെതിരെ വഞ്ചനാ കേസില്‍ ഡല്‍ഹി കോടതി ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിച്ചു. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്ന് കേസിലെ പരാതിക്കാരന് പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്.ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി അവസാനിപ്പിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ മെയ് മാസത്തില്‍ സുപ്രീംകോടതിയുടെ ഒരു ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ജീവനക്കാരി ഉന്നയിച്ച ആരോപണങ്ങളില്‍ ”ഒരു വസ്തുതയും കണ്ടെത്തിയില്ല” എന്നായിരുന്നു സമിതിയുടെ നിഗമനം.
കഴിഞ്ഞയാഴ്ച ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (സിഎംഎം) മനീഷ് ഖുറാന സ്വീകരിച്ചു. വഞ്ചനാ കേസിലെ പരാതിക്കാരനായ ഹരിയാന സ്വദേശി നവീന്‍ കുമാറിനോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ നിര്‍ദേശപ്രകാരം, അന്വേഷണ ഉദ്യോഗസ്ഥന് ഇന്‍സ്പെക്ടര്‍ മുകേഷ് ആന്റിലിനൊപ്പം സെപ്റ്റംബര്‍ 16ന് കുമാര്‍ സിഎംഎമ്മിന് മുന്നില്‍ നേരിട്ട് ഹാജരായി. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്ക് സംതൃപ്തിയുണ്ടെന്ന് പരാതിക്കാരനായ നവീന്‍ (ജഡ്ജിയുടെ മുമ്പാകെ) അറിയിച്ചു.
പ്രതിഷേധ ഹര്‍ജി സമര്‍പ്പിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അതിനാല്‍ നിലവിലെ കേസ് തുടരാന്‍ ആഗ്രഹിക്കാത്തതിനാല്‍ കേസ് അവസാനിപ്പിച്ചു കൊണ്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിക്കാമെന്നും അദ്ദേഹം നവീന്‍ കുമാര്‍ കോടതിയെ അറിയിച്ചു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
‘വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, പരാതിക്കാരന് നല്കിയ പ്രസ്താവനയും നിലവിലെ കേസില്‍ പോലീസ് നടത്തിയ അന്വേഷണവും കണക്കിലെടുത്ത്, ഇപ്പോഴത്തെ കേസില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് ഇതിനാല്‍ അംഗീകരിക്കപ്പെടുന്നു. ഫയല്‍ റെക്കോര്‍ഡ് റൂമിലേക്ക് മാറ്റും,” കോടതി ഉത്തരവില്‍ പറയുന്നു.
സുപ്രീംകോടതിയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതി തന്നില്‍ നിന്ന് 50,000 രൂപ കൈപ്പറ്റിയതായി കുമാര്‍ ആരോപിച്ചിരുന്നു. ”ഇത് എന്റെ വ്യക്തിപരമായ കാര്യവും തീരുമാനവുമാണ്. എനിക്ക് തുടര്‍നടപടികളൊന്നും ആവശ്യമില്ല, എന്നില്‍ സമ്മര്‍ദ്ദവുമില്ല. ഇത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, ആരും എന്റെ കാര്യത്തില്‍ വിഷമിക്കേണ്ട” കുമാര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
© 2019 IBC Live. Developed By Web Designer London