രാജ്യത്ത് 47,704 പ്രതിദിന കൊവിഡ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 654 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 14,83,157 ആയി ഉയര്‍ന്നു. 4,96,988 പേരാണ് നിലവില്‍ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. 9,52,744 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. 33,425 പേരാണ് കൊവിഡ് മൂലം ജീവന് പൊലിഞ്ഞത്. ആരോഗ്യ മന്ത്രാലയം ആണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്ക രോഗികളും ഉയരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഞായറാഴ്ച 48,661 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 708 പേരാണ് ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ദക്ഷിണേന്ത്യയില്‍ കൊവിഡ് രോഗികള്‍ ഉയരുകയാണ്. ചില സംസ്ഥാനങ്ങളില്‍ നിശ്ചിത സമയത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്.
രാജ്യത്ത് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പരിശോധിച്ചത് 1,73,34,885 സാമ്പിളുകള്‍. രാജ്യത്ത് കൊവിഡ് പരിശോധനയില്‍ വര്‍ധന. ഇന്നലെ മാത്രം രാജ്യത്ത് പരിശോധിച്ചത് 5,28,082 സാമ്പിളുകളാണ്. രണ്ട് ദിവസത്തെ കണക്കുകള്‍ പ്രകാരം പത്തുലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയത്. ജൂലായ് 26 ന് രാജ്യത്ത് പരിശോധിച്ചത് 5,15,000 സാമ്പിളുകളാണ്. കേന്ദ്ര ആരോഗ്യ- ക്ഷേമ മന്ത്രാലയത്തിന്റേതാണ് റിപ്പോര്‍ട്ട്.
© 2019 IBC Live. Developed By Web Designer London