ജീവനക്കാർക്കിടയിൽ കോവിഡ് ഭീതി നിൽക്കുമ്പോൾ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചത് ആശങ്കയാകുന്നു. ഇന്നലെ മാത്രം 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തീർത്ഥാടകർക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ആരംഭിക്കും. ആയിരത്തില്‍ നിന്ന് രണ്ടായിരമാക്കിയാണ് തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിയത്. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്.
സേവനം കഴിഞ്ഞിറങ്ങിയ 17 പേർക്കാണ് ഇന്നലെ കോവിഡ് കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസിൽ നിന്നും ഡ്യൂട്ടിക്കെത്തിയ 13 പേർക്കും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ നാലുപേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത്, പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുള്ള, രണ്ട് പൊലീസുകാർ, ഒരു ഐ.ആർ.ബി സേനാംഗം, ശബരിമല വിശുദ്ധി സേനയിലെ നാല് ജീവനക്കാർ എന്നിവർക്കും പമ്പയിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.
ജീവനക്കാർക്കിടയിലെ രോഗവ്യാപനം കണക്കിലെടുത്ത് രണ്ടാം ഘട്ടത്തിൽ സേവനത്തിനെത്തിയ പൊലീസുകാരെ പുതിയ ബാരക്കിലേക്ക് മാറ്റി. കൂടുതൽ ഭക്തർ എത്തുമ്പോൾ നിലവിലെ ക്രമീകരണങ്ങൾ മതിയെന്നാണ് ദേവസ്വം ബോർഡും പൊലീസും പറയുന്നത്. ആവശ്യമെങ്കിൽ മാത്രമേ നിലയ്ക്കലിൽ, കൂടുതൽ ലാബുകൾ അനുവദിക്കേണ്ടതുള്ളു എന്നാണ് ആരോഗ്യ വകുപ്പിൻറെ നിലപാട്. നിലവിൽ നാല് കോവിഡ് പരിശോധന ലാബുകളാണ് നിലയ്ക്കലിൽ ഉള്ളത്. സന്നിധാനത്ത് തുടരുന്ന ജീവനക്കാർക്കെല്ലാം പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. പ്രതിദിനം രണ്ടായിരം പേർക്കും ആഴ്ച അവസാനങ്ങളിൽ മൂവായിരം തീർത്ഥാടകർക്കും പ്രവേശനം നൽകാനാണ് സർക്കാർ തീരുമാനം.
© 2019 IBC Live. Developed By Web Designer London