തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാട് മാറ്റില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്സിന് സൗജന്യമായിരിക്കും.
സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്രത്തെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഭാഗമായാണ് കത്തയച്ചത്. കൂടുതല്‍ ഭാരം സംസ്ഥാനങ്ങളുടെ പെടലിക്ക് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്ന് പറയുന്നതില്‍ രാഷ്ട്രീയ പ്രശ്നമില്ല. കേന്ദ്ര സര്‍ക്കാര്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് കരുതുന്നു. എന്നാല്‍, സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യും.
വാക്സിന് സംസ്ഥാനം പണംകൊടുത്ത് വാങ്ങണമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നത് സംസ്ഥാനത്ത് നിലവിലുള്ള അന്തരീക്ഷത്തിന് യോജിച്ചതല്ല. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രോഗം കാട്ടുതീപോലെ പടരുന്ന സമയത്ത് കേന്ദ്രത്തിന്റെ അപ്പസ്തോലന്മാര് വന്ന് പറയുന്ന വിതണ്ഡവാദങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ നിലവിലെ അന്തരീക്ഷം മോശമാകും. കേന്ദ്ര സര്‍ക്കാര്‍ വഹിക്കേണ്ട ബാധ്യത വഹിക്കണമെന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. കേന്ദ്രമന്ത്രി ഇത്തരം കാര്യങ്ങള്‍ അല്‍പ്പം ഉത്തരവാദിത്വത്തോടെ കാണുന്നതാണ് നല്ലതെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ഇത്തരം ബാധ്യത ഏറ്റെടുക എന്നത് സാധാരണ നിലയില്‍ പ്രയാസമാണ്. കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ഇതുവരെ കേന്ദ്രം അഭിപ്രായം പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ പ്രതികരണം ‘ഈ പറഞ്ഞവരുടെ’ പ്രതികരണം എന്ന നിലയിലല്ല വരേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London