സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് (Corona Vaccination Drive) കഴിഞ്ഞ ദിവസം മുതൽ തുടക്കമായി. രാവിലെ ഒൻപത് മണി മുതൽ കൊവിൻ ആപ്പ് 2.0 ൽ രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകുന്നത് 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്നം ഉള്ളവർക്കുമാണ്.
കൊവിൻ ( https://www.cowin.gov.in ) പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങൾക്ക് കൊവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. രജിസ്ട്രേഷന് മുമ്പായി മൊബൈൽ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും. രജിസ്ട്രേഷൻ സമയത്ത് കൊവിഡ് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകൾ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് ശേഷം ആ വ്യക്തിക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടും. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം.
വാക്സിനേഷൻ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റേയും രേഖകൾ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 വയസ് മുതൽ 59 വയസ് വരെയാണെങ്കിൽ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ രജിസ്ട്രേഷൻ സ്ലിപ്പ് അല്ലെങ്കിൽ ടോക്കൺ ലഭിക്കും. അത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
ഓപ്പൺ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനിൽ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുൻഗണനയും സൗകര്യവും നോക്കി എപ്പോൾ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച് ഒരു സ്ലോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.
വാക്സിനെടുക്കാനായി വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ ആധാർ കാർഡ് കൈയ്യിൽ കരുതുക. ഇല്ലെങ്കിൽ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതണം. 45 വയസ് മുതൽ 59 വയസ് വരെയുള്ളവരാണെങ്കിൽ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ ഒപ്പിട്ട കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് വാക്സിനേഷൻ കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London