നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപനം നടത്തിയത്. 12 വനിതകളും മത്സര രംഗത്തുണ്ട്.
സീറ്റ് വിഭജന കാര്യത്തിൽ എല്ലാ ഘടകകക്ഷികളും സഹകരിച്ചു. എൽഡിഎഫിന് തുടർഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്തു. സിപിഐഎം അഞ്ച് സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ ഏഴ് സീറ്റുകൾ ഘടക കക്ഷികൾക്കായി വിട്ടുകൊടുത്തു. എല്ലാ ഘടക കക്ഷികളും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്ന കാര്യത്തിൽ സംതൃപ്തിയുണ്ട്. നന്നായി പ്രവർത്തിച്ചിരുന്ന ഏതാനം പ്രവർത്തകരെ സംഘടനാ പ്രവർത്തനത്തിലേക്ക് നിയോഗിക്കാനും പുതിയ ആളുകൾക്ക് അവസരം നൽകാനുമാണ് പാർട്ടി ഇത്തവണ ശ്രമിക്കുന്നത്. ആരെയും ഒഴിവാക്കലല്ല ഉദ്ദേശം. പുതുമുഖങ്ങൾക്ക് അവസരം നൽകുകയാണ്.
വിദ്യാർത്ഥി യുവജന രംഗത്ത് പ്രവർത്തിക്കുന്ന 13 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ എം.എം. മണി എന്നിവർ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ ഇങ്ങനെ എട്ടുപേർ മത്സരിക്കും.
കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായ 33 പേർ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. അഞ്ച് മുൻമന്ത്രിമാരും നിലവിലുള്ള മന്ത്രിമാരും മത്സരിക്കില്ല. മഹാഭൂരിപക്ഷം സ്ഥാനാർത്ഥികളും ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചവരാണ്. 30 വയസിൽ താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. 12 വനിതകളും മത്സര രംഗത്തുണ്ട്. പാർട്ടി സ്വതന്ത്രരായി ഒമ്പത് പേരാണ് മത്സരിക്കുന്നത്. 85 സ്ഥാനാർത്ഥികളിൽ 83 പേരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സ്ഥാനാർത്ഥികളും സിപിഐഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളും ഇതിലുണ്ട്. രണ്ട് സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും എ.വിജയരാഘവൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London