പാണക്കാട് പരാമർശത്തിൽ വിജയരാഘവനെ തിരുത്തി സിപിഎം. ഘടകക്ഷിയുടെ പ്രസിഡൻറിനെ കണ്ടത് മറ്റൊരു തരത്തിൽ ചിത്രീകരിക്കാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായം പറയുന്നതിൽ ജാഗ്രത പുലർത്തണമെന്ന് സെക്രട്ടേറിയറ്റ്. ജമാഅത്ത് ബന്ധം ശക്തിപ്പെടുത്താനുള്ള കോൺഗ്രസ് നീക്കത്തെയാണ് വിമർശിച്ചതെന്നായിരുന്നു വിജയരാഘവൻറെ വിശദീകരണം. ലീഗിനെയും ജമാഅത്തിനെയും വേർതിരിച്ച് പറയേണ്ടതായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരാഴ്ചയായി വിജയരാഘവൻറെ പാണക്കാട് പരാമർശം വൻ വിവാദമായിരുന്നു. പ്രതിപക്ഷം ഇത് വലിയ രീതിയിൽ ആയുധമാക്കിയിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത് മതസംഘടനകളുമായുള്ള കൂട്ടുകെട്ട് കൂടുതൽ ശക്തിപ്പെടുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു വിജയരാഘവൻ നടത്തിയ പരാമർശം. അതിനെതിരെ അപ്പോൾ തന്നെ കോൺഗ്രസ് രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഒരു ഘടകകക്ഷി നേതാക്കൾ മറ്റൊരു ഘടക കക്ഷിയുടെ നേതാവിനെ കാണുന്നതിൽ തെറ്റെന്ത് എന്ന ചോദ്യം അടക്കം കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്നു. ഇത് സിപിഎമ്മിന് രാഷ്ട്രീയ പരമായ തിരിച്ചടിയുണ്ടാക്കി എന്ന തിരിച്ചറിവിലാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തത്. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും രണ്ടായി കാണുന്ന പ്രസ്ഥാനമാണ് സിപിഎം. രണ്ട് പാർട്ടികളെയും ഒരുപോലെ കാണുക എന്നത് സിപിഎമ്മിന്റെ നയമല്ല എന്ന ഓർമപ്പെടുത്തലും സിപിഎമ്മിന്റെ സെക്രട്ടറിയേറ്റിലുണ്ടായി. വിജയരാഘവൻറെ പരാമർശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഈ കൂടിക്കാഴ്ചയെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചത് ശരിയായില്ല. അത് അനവസരത്തിലുള്ളതായിപ്പോയി എന്നായിരുന്നു സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ.
കോൺഗ്രസ്, ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേരുന്നതിനെയാണ് താൻ വിമർശിച്ചത് എന്നായിരുന്നു ഇതിന് വിജയരാഘവൻ നൽകിയ വിശദീകരണം. എന്നാൽ മറ്റൊരു തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. അതാണ് തെറ്റിദ്ധാരണയുണ്ടാക്കിയത് എന്നും വിജയരാഘവൻ പറഞ്ഞു. ഇതിന് മറുപടിയായി മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ കൃത്യമായി പറയണമെന്ന് വിജയരാഘവനോട് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London