കൊച്ചി: കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം. മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് വിട്ട് വന്നാൽ സംസ്ഥാന നേതൃത്വം ഇതേക്കുറിച്ച് ആലോചിക്കും. ഇതുവരെ കെ.വി തോമസുമായി സി.പി.എം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി.എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കെ.വി തോമസ് സി.പി.എമ്മുമായി ചർച്ച നടത്തിയെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതൽ അതൃപ്തിയിലായിരുന്നു കെ.വി തോമസ്. 1984 മുതൽ എം.പിയും എം.എൽ.എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായി പല ചുമതലകൾ വഹിച്ച കെ.വി തോമസിന് വീണ്ടും വീണ്ടും അവസരം കൊടുക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുടേയും അഭിപ്രായം.
ശനിയാഴ്ച രാവിലെ 11 മണിക്ക് വിളിച്ച വാർത്താസമ്മേളനത്തിൽ കെ.വി തോമസ് നിലപാട് വ്യക്തമാക്കുമെന്ന് കെ.വി തോമസ് അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. ശനിയാഴ്ച കൊച്ചിയിലെ ബി.ടി.എച്ചിൽ വെച്ചാണ് കെ.വി തോമസ് മാധ്യമപ്രവർത്തകരെ കാണുക.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London