തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കർക്കെതിരെ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഈ നടപടി. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളർ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്നാണ് മൊഴി നൽjകിയത്.
സ്വപ്നയും സരിത്തും മജിസ്ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. അടുത്ത ആഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് തീരുമാനം. ഇരുവരും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്പീക്കർ ഉൾപ്പടെ പല പ്രമുഖരുടെയും പേരുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഇതേ മൊഴി ആവർത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.
സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്ലാറ്റിലേക്ക് സ്പീക്കർ വിളിച്ചുവരുത്തി ഡോളർ അടങ്ങിയ ബാഗ് കൈമാറിയെന്നും അവരോട് കോൺസുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാനും സ്പീക്കർ നിർദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു എന്നാണ് മൊഴിയിൽ പറയുന്നത്. വാർത്ത അറിഞ്ഞില്ലയെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്പീക്കർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
© 2019 IBC Live. Developed By Web Designer London